Thursday, October 17, 2024
Sports

ഇനി കാൽപന്ത് ആരവം; ലോകകപ്പിന് ഇന്ന് കിക്കോഫ്

ലോകം മുഴുവൻ ഇനിയുള്ള നാളുകൾ ഒരു പന്തിനൊപ്പം കണ്ണോടിക്കും. കളിക്കളത്ത് പുറത്തെങ്കിലും മനസ് ആ പന്തിന് പിന്നാലെ ഒരു പോരാളിയെ പായും. വേട്ടക്കാരന്റെ കൗശലത്തോടെ ​ഗോൾ വലയിലെ വേട്ടയാടലുകൾക്ക് വേണ്ടി വെമ്പൽ കൊള്ളും. അക്ഷരാർത്ഥത്തിൽ ലോകം മുഴുവൻ ഇനിയുള്ള നാളുകളിൽ പന്തിനൊപ്പമുരുളും .

ലാറ്റിനമേരിക്ക, യൂറോപ്പ്, പരിമിതികളുണ്ടെങ്കിലും ഏഷ്യയും റഷ്യയും, വമ്പൻമാരുടെ വീമ്പുമായി അർജന്റീനയും ബ്രസീലും ലോക കിരീടത്തിനായി മോഹിക്കുന്നവർ അങ്ങനെ ഏറെയുണ്ട്.

രണ്ട് പതിറ്റാണ്ടിനുശേഷമുള്ള കിരീടമാണ് ബ്രസീൽ ലക്ഷ്യം വെക്കുന്നതെങ്കിൽ അർജന്റീനയാകട്ടെ ലയണൽ മെസിയെന്ന വിസ്മയത്തിലാണ് പ്രതീക്ഷവയ്ക്കുന്നത്. 1986ൽ മാറഡോണക്കുശേഷമൊരു പൊൻകിരീടം സമ്മാനിക്കാൻ മെസിയുടെ ബൂട്ടുകൾക്കാകുമോ? അതോ നെയിമറിന്റെ ​ഗോൾ വേട്ടയോ ? ലോകം മുഴുവൻ കാത്തിരിക്കുകയാണ്.

പ്രഥമ ഫുട്ബോൾ ലോകകപ്പിന് എല്ലാ ഒരുക്കവും പൂർത്തിയായതിന്റെ നിറവിലാണ് ആതിഥേയ രാഷ്ട്രമായ ഖത്തർ. ദോഹയുടെ ഹൃദയഭൂമിയിൽ നിന്ന് 60 കിലോമീറ്ററോളം അകലെ അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ലോകകപ്പ് ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമാകും. രാത്രി 9.30ന് ഗ്രൂപ്പ് എയിൽ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നാണ് ഉദ്ഘാടനച്ചടങ്ങിൽ ഒരുക്കുന്നത്. 60,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം ആരാധകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

വിവിധ രാജ്യക്കാരായ കലാകാരന്മാരുടെ പ്രകടനങ്ങളോടെയാണ് ദോഹ മെട്രോയിലും ബസിലും കാറിലുമെല്ലാം എത്തുന്ന ആരാധകരെ സ്റ്റേഡിയത്തിലേക്കു സ്വീകരിക്കുക. സ്റ്റേഡിയത്തിനു ചുറ്റുമുള്ള വിശാലമായ പാർക്കിലും ആരാധകർക്ക് വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങളുണ്ട്. ഭക്ഷണ, പാനീയ ശാലകളും തയാർ.

നാളെ മുതൽ ഡിസംബർ 18 വരെ നടക്കുന്ന ടൂർണമെന്റിൽ 12 ലക്ഷത്തിലധികം ആരാധകരെത്തുമെന്നാണു പ്രതീക്ഷ. കാണികൾക്ക് അവിസ്മരണീയ അനുഭവം സമ്മാനിച്ചായിരിക്കും ഫാൻ സോണുകളുടെ പ്രവർത്തനം. സംഗീത പരിപാടികൾ, സാംസ്കാരിക പ്രദർശനങ്ങൾ, തെരുവുകളിലെ പ്രകടനങ്ങൾ തുടങ്ങിയവയൊക്കെ കാഴ്ചവിരുന്നിന്റെ ഭാഗമാണ്. അറബ് പാരമ്പര്യവും കലാരൂപങ്ങളും നിറയുന്ന ഉദ്ഘാടനച്ചടങ്ങ് സസ്പെൻസാണ്. കൊറിയൻ ബാൻഡ് ബിടിഎസിലെ ഗായകൻ ജുങ് കൂങ് ‘ഡ്രീമേഴ്സ്’ ഗാനമൊരുക്കും. ഇന്ത്യൻ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഉദ്ഘാടനവേദിയിലുണ്ടാകും.

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലും 8 മത്സരവേദികളുടെ ചുറ്റുമായും വിനോദപരിപാടികൾ ഉണ്ടാകും. ഫാൻ സോണുകൾക്ക് പുറമേ, രാജ്യത്തുടനീളമായുള്ള 21 പ്രദേശങ്ങളിലായി സാംസ്കാരിക പരിപാടികൾ നടക്കും. കത്താറ, സൂഖ് വാഖിഫ്, മിഷെറീബ് ഡൗൺടൗൺ ദോഹ എന്നിവിടങ്ങളിലും ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published.