സെഞ്ച്വറിയുമായി പന്ത്, ക്രീസിലുറച്ച് സുന്ദർ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വൻ ലീഡിലേക്ക്
അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്. സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ മികവിലാണ് ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ ലീഡിലേക്ക് എത്തിയത്. നിലവിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ റിഷഭ് പന്താണ് ഒടുവിൽ പുറത്തായത്.
115 പന്തിൽ 13 ഫോറും 2 സിക്‌സുമടക്കമാണ് പന്ത് സെഞ്ച്വറി തികച്ചത്. തുടക്കത്തിൽ കരുതലോടെ നീങ്ങിയെങ്കിലും ഇന്ത്യ ലീഡിലേക്ക് എത്തിയതോടെ പന്ത് സ്‌കോറിംഗ് വേഗത വർധിപ്പിക്കുകയായിരുന്നു. അവസാന പത്ത് ഓവറിൽ ആറ് റൺസിന് മുകളിലാണ് ഇന്ത്യയുടെ റൺ റേറ്റ്. 118 പന്തിൽ 101 റൺസെടുത്ത പന്തിനെ ആൻഡേഴ്‌സൺ പുറത്താക്കുകയായിരുന്നു
40 റൺസുമായി സുന്ദർ ക്രീസിലുണ്ട്. ഇന്ത്യക്ക് നിലവിൽ 54 റൺസിന്റെ ലീഡുണ്ട്. 49 റൺസെടുത്ത രോഹിത് ശർമ, 27 റൺസെടുത്ത രഹാനെ, 13 റൺസെടുത്ത അശ്വിൻ, 17 റൺസെടുത്ത പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. നായകൻ കോഹ്ലി പൂജ്യത്തിന് പുറത്തായി.