സിറാജ് ഓണ്‍ ഫയര്‍; പഞ്ചാബിനെ തകര്‍ത്ത് ബാംഗ്ലൂര്‍
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് മൂന്നാം വിജയം. വിരാട് കോലി ക്യാപ്റ്റനായി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ 24 റണ്‍സിനാണു ആര്‍സിബിയുടെ വിജയം. ബാംഗ്ലൂർ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 18.2 ഓവറിൽ 150 റൺസെടുത്തു പുറത്തായി.
30 പന്തിൽ 46 റൺസെടുത്ത പ്രഭ്സിമ്രൻ സിംഗാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. മോശം തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാവും മുമ്പ് തന്നെ പഞ്ചാബ് നാലിന് 43 എന്ന നിലയായി. അഥര്‍വ ടെയ്ഡെ (4), ലിയാം ലിവിംഗ്സ്റ്റണ് (2) എന്നിവരെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. മാത്യു ഷോര്‍ട്ടിന് വാനിന്ദു ഹസരങ്ക ബൗള്‍ഡാക്കിയപ്പോള്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയ (13) സിറാജിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. ക്യാപ്റ്റന്‍ സാം കറന് (10) പോയതോടെ അഞ്ചിന് 76 എന്ന നിലയിലായി പഞ്ചാബ്.
ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് നാലു വിക്കറ്റുകൾ വീഴ്ത്തി. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയാണ് സിറാജിന്റെ വിക്കറ്റ് നേട്ടം. ഐപിഎല്ലിൽ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. വനിന്ദു ഹസരംഗ രണ്ടും വെയ്ൻ പാർനെൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുവീതവും വീഴ്ത്തി. ഇതോടെ ബാംഗ്ലൂരിന് ആറു മത്സരങ്ങളിൽനിന്ന് മൂന്നു വീതം ജയവും തോൽവിയുമായി ആറു പോയിന്റായി. പോയിന്റ് പട്ടികയിൽ അഞ്ചാമതാണ് ആര്‍സിബി. മൂന്നാം തോൽവി വഴങ്ങിയ പഞ്ചാബ് ഏഴാം സ്ഥാനത്താണ്.