ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 8 വിക്കറ്റിന്റെ തോൽവി
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 8 വിക്കറ്റിന്റെ തോൽവ. വിജയലക്ഷ്യമായ 90 റൺസ് ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആദ്യ ഇന്നിംഗ്‌സിൽ 244 റൺസും രണ്ടാമിന്നിംഗ്‌സിൽ 36 റൺസുമാണ് ഇന്ത്യ എടുത്തത്. ഓസീസ് ആദ്യ ഇന്നിംഗ്‌സിൽ 191 റൺസിന് പുറത്തായിരുന്നു
മൂന്നാം ദിവസം പകുതിയോടെ തന്നെ ഒന്നാം ടെസ്റ്റിൽ വിജയം സ്വന്തമാക്കാൻ ഓസീസിന് സാധിച്ചു. ഒരു വിക്കറ്റിന് 9 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യയുടെ ദയനീയ പ്രകടനമാണ് ഇന്ന് കണ്ടത്. സ്‌കോർ 36ന് ഇന്ത്യ ഇന്നിംഗ്‌സ് അവസാനിച്ചു. ഒമ്പത് വിക്കറ്റ് നഷ്ടപെടുകയും അവസാന ബാറ്റ്‌സ്മാനായ ഷമി പരുക്കിനെ തുടർന്ന് മടങ്ങുകയും ചെയ്തതോടെ ഓസീസിന് വിജയലക്ഷ്യം 90 റൺസ് മാത്രമായി.
ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സിൽ ഒരാൾ പോലും രണ്ടക്കം കണ്ടില്ല. 9 റൺസെടുത്ത മായങ്ക് അഗർവാളാണ് ടോപ് സ്‌കോറർ എന്ന് പറയുമ്പോൾ തന്നെ തോൽവിയുടെ ആഘാതം മനസ്സിലാക്കാം. ഹനുമ വിഹാരി 8 റൺസും കോഹ്ലി 4 റൺസുമെടുത്തു. പൂജാര, രഹാനെ, അശ്വിൻ, എന്നിവർ സംപൂജ്യരായി മടങ്ങി.
ഓസീസ് രണ്ടാമിന്നിംഗ്‌സിൽ ജോ ബേൺസ് 51 റൺസുമായി പുറത്താകാതെ നിന്നു. മാത്യു വാഡെ 33 റൺസും ലാബുഷെയ്ൻ ആറ് റൺസിനും പുറത്തായി. സ്മിത്ത് ഒരു റൺസുമായി ബേൺസിനൊപ്പം ക്രീസിലുണ്ടായിരുന്നു.