Sunday, January 5, 2025
Sports

ഝുലൻ ഗോസ്വാമിയുടെ ഇൻസ്വിംഗറുകൾ തന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് രോഹിത്

വനിതാ ഫാസ്റ്റ് ബൗളർ ഝുലൻ ഗോസ്വാമിയുടെ ഇൻസ്വിംഗറുകൾ തന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ പുരുഷ ടീം നായകൻ രോഹിത് ശർമ. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലിക്കുന്ന സമയത്ത് നെറ്റ്സിൽ ഝുലനെ നേരിടുമ്പോൾ ഇൻസ്വിംഗറുകൾ തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് രോഹിത് പറഞ്ഞു. നിലവിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് ശേഷം ഗോസ്വാമി രാജ്യാന്തര കരിയർ അവസാനിപ്പിക്കുകയാണ്. ഗോസ്വാമി തലമുറയിൽ ഒരിക്കൽ മാത്രം ഉണ്ടാവുന്ന താരമാണെന്നും അവർക്ക് എല്ലാ വിധ ആശംസകളും നേരുകയാണെന്നും രോഹിത് കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ തകർപ്പൻ ജയം നേടിയിരുന്നു. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 228 റൺസ് വിജയലക്ഷ്യം 45ആം ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 10 ഓവറിൽ 2 മെയ്ഡൻ അടക്കം വെറും 20 റൺസ് മാത്രം വഴങ്ങിയ ഝുലൻ ഗോസ്വാമി ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യക്കായി 99 പന്തിൽ 91 റൺസെടുത്ത സ്മൃതി മന്ദനയാണ് ടോപ്പ് സ്കോറർ ആയത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (74 നോട്ടൗട്ട്), യസ്തിക ഭാട്ടിയ (50) എന്നിവരും ഇന്ത്യക്കായി തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *