വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് അഭിനന്ദനമറിയിച്ച് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് അഭിനന്ദനമറിയിച്ച് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ രാജ്യത്തെ 130 കോടി ജനങ്ങൾ നിരാശരാണെന്ന് മോദി കത്തില്‍ കുറിച്ചു. ധോണിയുടെ ക്രിക്കറ്റിലെ നേട്ടങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
വിരമിക്കലിനുശേഷം ധോണി ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ കത്ത് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ് . ഓഗസ്റ്റ് 15ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ച് പങ്കുവച്ച ട്വീറ്റിനെക്കുറിച്ച് പ്രതിപാദിച്ചാണ് കത്തിന്റെ തുടക്കം.മോദിയുടെ കത്ത് ധോണി തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും, നന്ദി അറിയിക്കുകയും ചെയ്തു.
‘രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻമാരിൽ ഒരാളാണ് താങ്കൾ. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് നയിച്ച ക്യാപ്റ്റൻ. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാൾ, ക്യാപ്റ്റൻമാരിൽ ഒരാൾ, തീർച്ചയായും ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്ന നിലയിൽക്കൂടി ചരിത്രം താങ്കളെ അടയാളപ്പെടുത്തും.’ മോദി കുറിച്ചു.