വനിതാ പ്രീമിയർ ലീഗ്: ആർസിബിയെ സ്മൃതി മന്ദാന നയിക്കും
വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന സീസണിലേക്കുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. സ്മൃതി മന്ദാന ആർസിബിയെ നയിക്കും. മുംബൈയിൽ നടന്ന ലേലത്തിൽ 3.40 കോടി രൂപയ്ക്കാണ് താരത്തെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. സോഷ്യൽ മീഡിയ ഹാൻഡിൽ ഒരു വീഡിയോ പങ്കുവച്ചാണ് ടീം ഇക്കാര്യം അറിയിച്ചത്.
ആര്‍സിബി പങ്കുവച്ച വീഡിയോയില്‍ പുരുഷ ടീമിന്റെ നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയും മുൻ ക്യാപ്റ്റൻ വിരാട് കോലിയുമാണ് വനിതാ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ‘വനിതാ പ്രീമിയർ ലീഗിൽ RCBയെ നയിക്കാനുള്ള മറ്റൊരു 18-ാം നമ്പർ താരത്തിന്റെ സമയമാണിത്. സ്മൃതി മന്ദാനയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ടീമിന്റെയും മികച്ച ആരാധകരുടെയും പിന്തുണ ഉണ്ടാകും’- പ്രഖ്യാപന വീഡിയോയിൽ വിരാട് കോലി പറഞ്ഞു.
“ആർസിബിയെ നയിക്കാനുള്ള എല്ലാ സവിശേഷതകളും വനിതാ ക്യാപ്റ്റനിൽ ഉണ്ടെന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. എല്ലാ ആശംസകളും… മൈതാനത്ത് കാണാം..”- ആർസിബി പുരുഷ ടീം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് കൂട്ടിച്ചേർത്തു. “ഈ അവസരം നൽകിയതിന് RCB മാനേജ്‌മെന്റിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ആരാധകരുടെ സ്‌നേഹവും പിന്തുണയും ഉണ്ടാകുമെന്ന് കരുതുന്നു. RCBയെ വിജയത്തിലേക്ക് നയിക്കാൻ എന്റെ 100% പുറത്തെടുക്കും”- സ്മൃതി മന്ദാന പറഞ്ഞു.