മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ ഖത്തർ ഷെയ്ഖ്; റെക്കോർഡ് ഓഫർ എന്ന് സൂചന
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ ഖത്തർ ഷെയ്ഖ്. ഖത്തർ ഇസ്ലാമിക് ബാങ്ക് ചെയർമാൻ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ക്ലബ്ബിനെ ഏറ്റെടുക്കാനുള്ള ഓഫർ സമർപ്പിച്ചതായി പ്രഖ്യാപിച്ചു. ഖത്തറിന്റെ മുന്‍ പ്രധാന മന്ത്രിയായ ഹമദ് ബില്‍ ജാസിം ബിന്‍ ജാബെര്‍ അല്‍ താനിയുടെ മകനാണ് ഹമദ് അല്‍ താനി.
ക്ലബിനായുള്ള ലേലത്തിൽ നിർദ്ദേശിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. 6 ബില്യൺ യൂറോ എന്ന റെക്കോർഡ് തുകയാണ് സമർപ്പിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ലേലത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഉചിതമായ സമയത്ത് പുറത്തുവിടുമെന്നും, ബിഡ് പൂർണ്ണമായും കട രഹിതമായിരിക്കുമെന്നും ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പിച്ചിലും പുറത്തും ക്ലബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ട്. എല്ലാറ്റിനുമുപരിയായി ആരാധകരെ ഒരിക്കൽ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബിന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ഷെയ്ഖ് ജാസിമിന്റെ ഉടമസ്ഥതയിലുള്ള ‘നയന്‍ ടു’ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് സിയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ഫുട്‌ബോള്‍ ടീമുകള്‍, ട്രെയ്‌നിംഗ് സെന്ററുകള്‍, സ്‌റ്റേഡിയം ഇന്‍ഫ്രാസ്ട്രച്ചര്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇന്‍വെസ്റ്റ് നടത്തുന്ന കമ്പനിയാണ് ‘നയന്‍ ടു’.
2005-ൽ യുണൈറ്റഡിനെ സ്വന്തമാക്കിയതിന് ശേഷം വിവാദപരമായ പല തീരുമാനങ്ങളും നിലപാടുകളും കൊണ്ട് ആരാധകരിൽ ചിലരെയെങ്കിലും വെറുപ്പിച്ചുകൊണ്ടാണ് ഗ്ലെസേഴ്‌സ് കുടുംബം ക്ലബ്ബിനെ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും, കൂടെ മത്സരതലത്തിൽ ക്ലബ്ബിനെ മികച്ചതാക്കാനും, ആഗോളതലത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ക്ലബ്ബിനെ മുൻപന്തിയിലെത്തിക്കാനും വേണ്ടി പുതിയ നിക്ഷേപകരെ തേടുന്നുവെന്നാണ് ഗ്ലെസേഴ്‌സ് കുടുംബം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.