Friday, January 3, 2025
World

ഡെന്മാർക്കിൽ ഖുർആൻ കത്തിക്കാൻ അനുമതി നൽകിയതിൽ പ്രതിഷേധം രേഖപ്പെടുത്തി ഖത്തർ

ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ വിശുദ്ധ ഖുർആന്റെ പകർപ്പുകൾ കത്തിക്കാൻ അനുമതി നൽകിയതിനെതിരെ ഖത്തർ രംഗത്ത്. കഴിഞ്ഞ ദിവസമാണ് കോപ്പൻഹേഗനിലും ഡെന്മാർക്കിലെ ടർക്കിഷ് എംബസിക്ക് മുന്നിലും ഖുർആൻ പകർപ്പുകൾ അഗ്നിക്കിരയാക്കിയത്. സ്വീഡനെ നാറ്റോയിൽ പ്രവേശിപ്പിക്കുന്നതുവരെ എല്ലാ വെള്ളിയാഴ്ചയും ഖുർആൻ കത്തിക്കുമെന്ന് റാസ്മസ് പ്ലുദ്ധൻ എന്ന ഡാനിഷ്-സ്വീഡിഷ് വംശജൻ വ്യക്തമാക്കിയിരുന്നു.

ഈ സംഭവം ലോകത്തുള്ള രണ്ട് ബില്യണോളം വരുന്ന മുസ്ലിം വിഭാഗത്തെ പ്രകോപിക്കുന്നതാണെന്ന് ഖത്തർ വിദേശകാര്യാ മന്ത്രാലയം ശനിയാഴ്ച
പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. സംസാര സ്വാതന്ത്ര്യത്തിന്റെ മറവിൽ വിദ്വേഷവും അക്രമവും വളർത്തുകയും സമാധാനപരമായ സഹവർത്തിത്വത്തിന്റെ മൂല്യങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നടപടിയാണ് ഖുർആൻ കത്തിക്കുന്നതിലൂടെ നടപ്പാക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വിശ്വാസം, വംശം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വിദ്വേഷങ്ങളും അവയെ രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിടുന്നതും ഒഴിവാക്കണം. മുസ്ലിമുകളെ ലക്ഷ്യമിട്ട് ലോകത്ത് ആസൂത്രിതമായി നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളും ഇസ്‌ലാമോഫോബിയായും അപകടകരമാം വിധം വർധിച്ചിട്ടുണ്ട്. സഹിഷ്ണുതയുടെ മൂല്യങ്ങൾക്ക് ഖത്തർ പൂർണ പിന്തുണ നൽകുമെന്നും ചർച്ചയിലൂടെ അന്താരാഷ്ട്ര തലത്തിൽ സമാധാനം പാലിക്കാമെന്നും ഖത്തർ വിദേശ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *