Saturday, October 19, 2024
Kerala

വിഴിഞ്ഞം സമരം; തിരുവനന്തപുരത്ത് ഇന്ന് ലത്തീൻ അതിരൂപതയുടെ റോഡുപരോധം

വിഴിഞ്ഞം സമരത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് ലത്തീൻ അതിരൂപതയുടെ റോഡുപരോധം. ഏഴ് കേന്ദ്രങ്ങളിൽ രാവിലെ എട്ടര മുതൽ മത്സ്യത്തൊഴിലാളികൾ റോഡുപരോധിക്കും. ഏഴിന ആവശ്യങ്ങൾ അംഗീകരിക്കുംവരെ ശക്തമായ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. അതേസമയം, സമരക്കാരുമായി മന്ത്രിസഭാ ഉപസമിതി ഉടൻ ചർച്ച നടത്തിയേക്കും.

ആറ്റിങ്ങൽ, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, പൂവാർ, ഉച്ചക്കട, സെക്രട്ടേറിയറ്റ് എന്നിങ്ങനെ ഏഴ് കേന്ദ്രങ്ങളിലാണ് റോഡുപരോധം. സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലും ജില്ലാകളക്ടർ സമരത്തിന് നിരോധനമേർപ്പെടുത്തി. ഇവിടെ മുദ്രാവാക്യം മുഴക്കുന്നതിനും മറ്റ് പ്രകടനങ്ങൾക്കും നിരോധനമുണ്ട്. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 3 മണിവരെ മത്സ്യതൊഴിലാളികൾ വാഹനങ്ങൾ തടഞ്ഞ് റോഡ് ഉപരോധിക്കും.

തുറമുഖത്തിന് മുന്നിലെ സമരപന്തൽ പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവടക്കമുള്ള പ്രതിസന്ധികൾ മുന്നിലുണ്ടങ്കിലും, സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത. ബുധനാഴ്ച സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

അതേസമയം, തുറമുഖനിർമാണം വേഗത്തിൽ പുനരാരംഭിക്കണമെന്നിരിക്കെ സർക്കാരിന്റെ സമവായ ചർച്ചകൾ ഉടൻ ഉണ്ടാകും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാകും മന്ത്രിസഭാ ഉപസമിതി സമരക്കാരെ കാണുക. തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന അതിരൂപതയുടെ ആവശ്യത്തിൽ തട്ടി മുൻപ് നടന്നിരുന്ന സമവായ ചർച്ചകൾ പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.