വെസ്റ്റ് ഇൻഡീസ്-ഇന്ത്യ ആദ്യ ടി-20 ഇന്ന്
വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള ടി-20 പരമ്പര ഇന്ന് ആരംഭിക്കും. ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ശിഖർ ധവാൻ്റെ നായകത്വത്തിൽ യുവതാരങ്ങൾ കളിച്ച ഏകദിന പരമ്പര ആധികാരികമായാണ് ഇന്ത്യ വിജയിച്ചത്.
വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ലോകേഷ് രാഹുൽ കൊവിഡ് ബാധിച്ച് പുറത്തായിരുന്നു. രാഹുലിനു പകരം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നിലധികം പേർ സെലക്ഷന് ലഭ്യമാകാത്ത സാഹചര്യം ഉണ്ടായെങ്കിലേ താരം കളിക്കാനിടയുള്ളൂ.
ഋഷഭ് പന്തിനെ ഓപ്പണറാക്കിയുള്ള പരീക്ഷണം തുടരാനാണ് സാധ്യത. രോഹിതിനൊപ്പം പന്ത് ഓപ്പൺ ചെയ്യുമ്പോൾ ദീപക് ഹൂഡയോ ശ്രേയാസ് അയ്യരോ ആവും മൂന്നാം നമ്പറിലാവും. സൂര്യകുമാർ യാദവ്, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ യഥാക്രമം 4, 5 സ്ഥാനങ്ങളിൽ ഇറങ്ങുമ്പോൾ ആറാം നമ്പരിൽ ദിനേഷ് കാർത്തിക് തുടരാനാണ് സാധ്യത. അക്സർ പട്ടേൽ ഏഴാം നമ്പറിൽ കളിക്കും. ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ് എന്നിവർ പേസർമാരാവുമ്പോൾ അശ്വിനാവും സ്പെഷ്യലിസ്റ്റ് സ്പിന്നർ.
അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ആകെ ഉള്ളത്. ആദ്യ മൂന്ന് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിലും അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലും നടക്കും.