ചീട്ടുകൊട്ടാരമായി രാജസ്ഥാന്‍; കൊല്‍ക്കത്തയ്ക്ക് 37 റണ്‍സ് ജയം
ദുബായ്: ദുബായിലെ പിച്ചില്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ ചീട്ടുകൊട്ടാരം പോലെ വീണുടഞ്ഞപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 37 റണ്‍സ് ജയം. ചെന്നൈ, പഞ്ചാബ് ടീമുകളെ വിറപ്പിച്ച രാജസ്ഥാന്‍ റോയല്‍സിന് ഷാര്‍ജ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒന്നുപൊരുതാന്‍ പോലും കഴിഞ്ഞില്ല. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്‍ ടീം 137 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. സീസണില്‍ രാജസ്ഥാന്റെ ആദ്യ പരാജയമാണിത്.
ജോസ് ബട്‌ലറൊഴികെ (16 പന്തില്‍ 21) രാജസ്ഥാന്‍ നിരയില്‍ ആര്‍ക്കും റണ്‍സടിക്കാന്‍ കഴിഞ്ഞില്ല. സ്റ്റീവ് സ്മിത്ത് (3), സഞ്ജു സാംസണ്‍ (9), റോബിന്‍ ഉത്തപ്പ (2), റിയാന്‍ പരാഗ് (1) എന്നിവരടങ്ങിയ മുന്‍നിര ഒറ്റ അക്കത്തില്‍ പുറത്തായി. കൊല്‍ക്കത്തയ്ക്കായി ശിവം മാവിയും കമലേഷ് നാഗര്‍കോട്ടിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റുകള്‍വീതം സ്വന്തമാക്കി. സുനില്‍ നരെയ്‌നും പാറ്റ് കമ്മിന്‍സിനും കുൽദീപ് യാദവിനും ഓരോ വിക്കറ്റുവീതുമുണ്ട്.
രണ്ടാം ഓവറില്‍ സ്റ്റീവ് സ്മിത്തിലൂടെയാണ് രാജസ്ഥാന്റെ വിക്കറ്റുവീഴ്ച്ച ആരംഭിച്ചത്. പാറ്റ് കമ്മിന്‍സിന്റെ പന്ത് സ്മിത്തിന്റെ ബാറ്റിലുരസി കീപ്പറായ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളില്‍ എത്തുകയായിരുന്നു. തുടര്‍ന്നെത്തിയ സഞ്ജു സാംസണിനെ നാലാം ഓവറില്‍ ശിവം മാവി പുറത്താക്കി. ക്രീസില്‍ അനാവശ്യ തിടുക്കം കാട്ടിയ സഞ്ജു മിഡ് വിക്കറ്റില്‍ സുനില്‍ നരെയ്‌ന്റെ കൈകളില്‍ ഒതുങ്ങി. ഏഴാം ഓവറില്‍ ശിവം മാവി തന്നെയാണ് അപകടകാരിയായ ബട്‌ലറെയും പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ ഉത്തപ്പയെയും റിയാന്‍ പരാഗിനെയും തിരിച്ചയച്ച നാഗര്‍കോട്ടില്‍ രാജസ്ഥാനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. കഴിഞ്ഞമത്സരത്തിലെ ഹീറോയായ രാഹുല്‍ തെവാട്ടിയക്കും കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. 11 ആം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി തെവാട്ടിയയുടെ സ്റ്റംപ് പിഴുതു. ശേഷം രാജസ്ഥാന്‍ ഇന്നിങ്‌സ് പതിയെ മുന്നോട്ടുകൊണ്ടുപോയ ശ്രേയസ് ഗോപാലിനെ നരെയ്‌നാണ് വീഴ്ത്തിയത്. ആര്‍ച്ചറിലായിരുന്നു രാജസ്ഥാന്റെ അവസാന പ്രതീക്ഷ. ഒരു സിക്‌സ് വഴങ്ങേണ്ടി വന്നെങ്കിലും വരുണ്‍ ചക്രവര്‍ത്തി ആര്‍ച്ചറെ മടക്കി. ലോങ് ഓണില്‍ നാഗര്‍കോട്ടിലിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് ആര്‍ച്ചറിനെ പുറത്താക്കിയത്. 18 ആം ഓവറില്‍ ഉനദ്ഘട്ട് കൂടി പോയതോടെ രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 6 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കുറിക്കുകയായിരുന്നു. യുവതാരം ശുബ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ്‌സ്‌കോറര്‍. ഗില്‍ 34 പന്തില്‍ 5 സിക്‌സും 1 ഫോറും ഉള്‍പ്പെടെ 47 റണ്‍സെടുത്തു. ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന് വേണ്ടി തിളങ്ങിയത്. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കിയ ആര്‍ച്ചര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. പതിവുപോലെ ശുബ്മാന്‍ ഗില്‍ – സുനില്‍ നരെയ്ന്‍ സഖ്യമാണ് കൊല്‍ക്കത്തയുടെ ഇന്നിങ്‌സിന് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ നരെയ്‌ന്റെ മെല്ലെപ്പോക്ക് ശുബ്മാന്‍ ഗില്ലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അഞ്ചാം ഓവറില്‍ ഉനദ്ഘട്ടിനെതിരെ തുടരെ സിക്‌സും ഫോറുമടിച്ച് നരെയ്ന്‍ താളം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ വിക്കറ്റു തെറിച്ച് പുറത്തായി. 14 പന്തില്‍ 15 റണ്‍സുമായാണ് നരെയ്ന്‍ മടങ്ങിയത്. തുടര്‍ന്ന് നിതീഷ് റാണ ക്രീസിലെത്തി.
പവര്‍പ്ലേയ്ക്ക് ശേഷം കരുതലോടെയാണ് ഇരുവരും ബാറ്റുവീശിയത്. ഇതോടെ റണ്‍നിരക്കും കുറഞ്ഞു. രാജസ്ഥാന്റെ സ്പിന്നര്‍മാരെയാണ് കൊല്‍ക്കത്ത ആക്രമിക്കാന്‍ ലക്ഷ്യമിട്ടത്. ഇതിന്‍പ്രകാരം ശ്രേയസ് ഗോപാലിനെയും രാഹുല്‍ തെവാട്ടിയയെയും റിയാന്‍ പരാഗിനെയും ഇടവേളകളില്‍ ഇവര്‍ കടന്നാക്രമിച്ചു. പക്ഷെ പത്താം ഓവറില്‍ തെവാട്ടിയയെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച റാണയ്ക്ക് പിഴച്ചു. തെവാട്ടിയ വായുവില്‍ ഉയര്‍ത്തിയ പന്തിനെ ലോങ് ഓണിലേക്ക് പറത്താനാണ് റാണ ഉദ്ദേശിച്ചത്. എന്നാല്‍ ബൗണ്ടറി വരയോളമെത്താന്‍ ഷോട്ടിന് കഴിഞ്ഞില്ല. റിയാന്‍ പരാഗിന്റെ കൈകളില്‍ ഒതുങ്ങി റാണ മടങ്ങുമ്പോള്‍ 22 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. റാണയ്ക്ക് ശേഷം അര്‍ധ സെഞ്ച്വറിയോടടുത്ത ഗില്ലിനും മടങ്ങേണ്ടി വന്നു. ജോഫ്ര ആര്‍ച്ചറിന്റെ വേഗത്തിന് മുന്‍പില്‍ ഗില്ലിന് പിടിച്ചുനില്‍ക്കാനായില്ല. 12 ആം ഓവറിലെ ആദ്യ പന്തില്‍ ഫ്‌ളിക്ക് ഷോട്ടിന് പോയ ഗില്‍ ആര്‍ച്ചര്‍ക്കുതന്നെ ക്യാച്ച് നല്‍കി മടങ്ങി. 34 പന്തില്‍ 47 റണ്‍സ് ഗില്‍ കുറിച്ചു.
14 ആം ഓവറില്‍ കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കിനും ആര്‍ച്ചര്‍ തന്നെ മടക്കടിക്കറ്റ് നല്‍കി. 148 കിലോമീറ്റര്‍ വേഗത്തില്‍ മൂളിപ്പാഞ്ഞ ആര്‍ച്ചറുടെ പന്ത് കാര്‍ത്തിക്കിന്റെ ബാറ്റിലുരസി കീപ്പറുടെ കൈകളില്‍ എത്തുകയായിരുന്നു. 1 റണ്‍ മാത്രമാണ് കാര്‍ത്തിക്കിന് നേടാന്‍ കഴിഞ്ഞത്. ശേഷം എല്ലാ കണ്ണുകളും ആന്ദ്രെ റസ്സലിന് മേലായിരുന്നു. പക്ഷെ 15 ആം ഓവറില്‍ അങ്കിത് രജ്പൂതിനെ കണക്കിന് ശിക്ഷിക്കാന്‍ തയ്യാറെടുത്ത റസ്സലിന് നിറഞ്ഞാടാന്‍ സാധിച്ചില്ല. ആദ്യ പന്ത് സിക്‌സിന് പറത്തിയെങ്കിലും രണ്ടാം പന്തില്‍ റസ്സല്‍ വീണു. ഓഫ് സ്റ്റംപിന് ദൂരത്തേക്ക് രജ്പൂത് എറിഞ്ഞ യോര്‍ക്കറിനെ ഡീപ് ബാക്ക്‌വാര്‍ഡ് പോയിന്റിലേക്ക് അടിച്ചകറ്റാനാണ് റസ്സല്‍ ശ്രമിച്ചത്. പക്ഷെ ഇവിടെ നിലയുറപ്പിച്ച ഉനദ്ഘട്ട് പന്തിനെ പിടിച്ചെടുത്തു. 14 പന്തില്‍ 3 സിക്‌സടക്കം 24 റണ്‍സാണ് റസ്സല്‍ അടിച്ചെടുത്തത്. ശേഷം അവസാന ഓവറുകളില്‍ ഇയാന്‍ മോര്‍ഗന്‍ (23 പന്തിൽ 34) നടത്തിയ വെടിക്കെട്ട് കൊൽക്കത്തയുടെ സ്കോർ 174 റണ്‍സില്‍ എത്തിച്ചു.