Monday, January 6, 2025
Sports

‘മിശിഹായുഗ’ത്തിലെ ആദ്യ തോൽവിയുമായി മയാമി; അറ്റ്ലാന്റ യുണൈറ്റഡിനെതിരെ 5-2 ന് തോറ്റു

മേജര്‍ ലീഗ് സോക്കറില്‍ ഇന്റർ മയാമിക്ക് കനത്ത തോല്‍വി. ഞായറാഴ്ച നടന്ന മത്സരത്തില്‍ അറ്റ്‌ലാന്റ യുണൈറ്റഡിനോട് രണ്ടിനെതിരെ അഞ്ച് ഗോളിനാണ് മയാമിയുടെ പരാജയം. എവേ പോരാട്ടത്തില്‍ സൂപ്പര്‍ താരവും അര്‍ജന്റീന ഇതിഹാസവുമായ ലയണല്‍ മെസിയുടെ അഭാവത്തിലാണ് ടീം കളിച്ചത്. ജൂലൈ 15ന് മെസി ക്ലബിലെത്തിയശേഷം ഇന്റർ മയാമി തോൽവിയുന്നത് ഇതാദ്യമാണ്.

അറ്റ്‌ലാന്റയുടെ ഹോം സ്‌റ്റേഡിയമായ മെര്‍സിഡെസ് ബെന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മത്സരത്തിൽ ഇന്റർ മയാമിയാണ് ആദ്യം ഗോൾ വല കുലുക്കിയത്. 25-ാം മിനിറ്റില്‍ ലിയോർഗ്രഡോ കാമ്പാന മിയാമിയെ മുന്നിലെത്തിച്ചു. എന്നാൽ പിന്നീട് മയാമി കളി മറന്നു, തുടക്കത്തിൽ കണ്ടെത്തിയ താളം തുടരാൻ ക്ലബ്ബിന് കഴിഞ്ഞില്ല.

ഒന്‍പത് മിനിറ്റിനിടെ മൂന്ന് ഗോളുകളാണ് മയാമി വഴങ്ങിയത്. അതില്‍ ഒന്ന് സെല്ഫ് ഗോളായി മാറുകയും ചെയ്തു. 36-ാം മിനിറ്റില്‍ ട്രിസ്റ്റൻ മുയുംബയിലൂടെയാണ് അറ്റ്‌ലാന്റ യുണൈറ്റഡ് സമനില കണ്ടെത്തിയത്. 41-ാം മിനിറ്റില്‍ കമൽ മില്ലറുടെ സെല്‍ഫ് ഗോള്‍ മയാമിക്ക് തിരിച്ചടിയായി. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ബ്രൂക്ക്സ് ലെനൻ അറ്റ്‌ലാന്റ യുണൈറ്റഡിന്റെ ലീഡുയര്‍ത്തി.

52ാം മിനിട്ടില്‍ അറ്റ്‌ലാന്റെ താരം ലൂയീസ് എബ്രാമിന് മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ വീണുകിട്ടിയ പെനാല്‍ട്ടി കാമ്പാന ഗോളാക്കി മാറ്റിയതോടെ മയാമി വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കി. എന്നാല്‍ 76ാം മിനിട്ടില്‍ ജിയോർഗോസ് ജിയാകൂമാകിസിലൂടെ വീണ്ടും ഗോള്‍ നേടിയ അറ്റ്‌ലാന്റ 89ാം മിനിട്ടില്‍ വീണ്ടും ഗോള്‍ നേടി. ടൈലർ വുൾഫാണ് അഞ്ചാം ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കിയത്. അതേസമയം സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അൽ നാസർ ജയം തുടര്‍ന്നു. അല്‍ റെയ്ദിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അൽ നാസർ തോല്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *