ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞു; വിറപ്പിച്ച് സിറാജ്; ഇന്ത്യക്ക് 51 റണ്‍സ് വിജയലക്ഷ്യം
ഏഷ്യാ കപ്പില്‍ ശ്രീലങ്ക ദയനീയമായി തകര്‍ന്നടിഞ്ഞു. 50 റണ്‍സെടുത്ത് ടീം പുറത്തായി. ആറു വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ എറിഞ്ഞിട്ടത്. 15.2 ഓവറില്‍ ശ്രീലങ്ക ഓള്‍ഔട്ടായി. കഴിഞ്ഞ മത്സരങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ച് പേസര്‍മാരുടെ പിച്ചായി മാറുകയായിരുന്നു.
ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക നേടുന്ന ഏറ്റവും കുറഞ്ഞ റണ്‍സാണിത്. പവര്‍ പ്ലേയില്‍ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റണ്‍നേടാന്‍ ലങ്കന്‍ താരങ്ങള്‍ക്കു സാധിച്ചില്ല. പതും നിസംഗ (നാല് പന്തില്‍ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസില്‍വ (രണ്ടു പന്തില്‍ നാല്), ക്യാപ്റ്റന്‍ ദസുന്‍ ശനക (പൂജ്യം), കുശാല്‍ മെന്‍ഡിസ് (34 പന്തില്‍ 17) എന്നിവരാണ് സിറാജിന്റെ വിക്കറ്റുകള്‍.
ഏകദിനത്തില്‍ 50 വിക്കറ്റുകളെന്ന നാഴികക്കല്ലും സിറാജ് പിന്നിട്ടു. 29-ാം ഏകദിനത്തിലാണ് സിറാജിന്റെ ഈ നേട്ടം. കുറഞ്ഞ മത്സരങ്ങളില്‍ 50 വിക്കറ്റുകള്‍ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് സിറാജ്. ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ പന്തുകള്‍ക്കുള്ളില്‍ 50 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും താരം സ്വന്തമാക്കി.
ഇന്നിങ്സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറ തുടക്കമിട്ട വിക്കറ്റ് വേട്ട നാലാം ഓവര്‍ മുതല്‍ സിറാജ് ഏറ്റെടുക്കുകയായിരുന്നു. മൂന്ന് മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം 3.45 ഓടെയാണ് ആരംഭിച്ചത്.