Friday, January 3, 2025
Kerala

എകെജി സെന്റർ ആക്രമണം: പ്രതിയെ പിടിക്കാതെ പൊലീസ്

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ പ്രധാന കേന്ദ്രം ആക്രമിച്ച് 17 ദിവസം പിന്നിട്ടിട്ടും അക്രമിയെ പിടികൂടാൻ കഴിയാതെ പൊലീസ് നിസ്സഹായർ. സി.സി.റ്റി.വി മുതൽ പടക്ക നിർമ്മാണ ശാലകൾ വരെ അരിച്ചു പെറുക്കിയിട്ടും അക്രമിയിലേക്കെത്താനുള്ള തുമ്പ് പോലും കിട്ടിയില്ല. സമയമെടുത്തുള്ള അന്വേഷണമെന്ന സർക്കാർ വാദത്തെ സംശയത്തിൽ നിർത്തി, ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന കുറ്റപ്പെടുത്തൽ ഉയർത്തുകയാണ് പ്രതിപക്ഷം.

ജൂൺ 30 രാത്രി 11.30ന് സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബൈക്കിലിലെത്തിയ ആക്രമി സ്‌ഫോടക വസ്തു എറിയുന്നു. പിന്നാലെ അത് രാഷ്ട്രീയ ബോംബായി മാറി. കോൺഗ്രസിന് മേൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ തന്നെ പഴി ചാരി. കള്ളൻ കപ്പലിൽ തന്നെയെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. 24 മണിക്കൂർ തികയും മുൻപ് കേസന്വേഷിക്കാൻ 12 അംഗ പ്രത്യേക സംഘം. ക്രമസമാധാന പാലനത്തിലും, കുറ്റാന്വേഷണ മികവിൽ പേരു കേട്ട തലസ്ഥാനത്തെ പൊലീസ് 17 ദിവസം തലകുത്തി നിന്നിട്ടും അക്രമി ആരെന്നു പോലും കണ്ടെത്താൻ ഇത് വരെയും കഴിഞ്ഞില്ല.

ആദ്യം സി.സി.ടി.വി കേന്ദ്രീകരിച്ചു അന്വേഷണം. എകെജി സെന്റർ മുതൽ കുന്നുകുഴി വരെയുള്ള 75ലധികം സി.സി.ടി.വികൾ പരിശോധിച്ചു. അക്രമിയുടെ മുഖമോ,സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പർ പ്ളേറ്റോ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതോടെ സി.സി.ടി.വി പ്രതീക്ഷകൾ അവസാനിച്ചു. എകെജി സെന്ററിന് നേരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർത്തിയ ആളുകളെ കേന്ദ്രീകരിച്ചായി പിന്നീട് അന്വേഷണം. പക്ഷേ സാഹചര്യ തെളിവുകൾ ഇല്ലാത്തതിനാൽ കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചു. പിന്നാലെ അക്രമി സഞ്ചരിച്ച സ്‌കൂട്ടറിന്റെ മോഡൽ. സംശയാസ്പദമായി ഡിയോ സ്‌കൂട്ടർ ഉള്ളവരെ ചുറ്റിപ്പറ്റി അന്വേഷണം.

എന്നാൽ ആ സാധ്യതയും അടഞ്ഞു. അതിനിടെ സ്‌ഫോടക വസ്തു ബോംബല്ലെന്നും ഏറു പടക്കം പോലുള്ള വീര്യം കുറഞ്ഞതാണെന്നുമുള്ള ഫോറൻസിക് റിപ്പോർട് പുറത്തു വന്നു. അതോടെ തലസ്ഥാന ജില്ലയിലെ പടക്ക നിർമ്മാണ ശാലകൾ പൊലീസ് കയറിയിറങ്ങി. പക്ഷേ തുരുമ്പിനു പോലും തുമ്പ് കിട്ടിയില്ല. ഒടുവിൽ എകെജി സെന്റർ പരിസരത്തെ മൊബൈൽ ടവർ പരിധിയിൽ സംഭവ സമയമുണ്ടായിരുന്ന ആളുകളിൽ എത്തി നിൽക്കുകയാണ് പൊലീസ്. സമയമെടുത്തു കൃത്യമായ കാര്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണം പൊലീസിനു തുണയായി. എന്നാൽ അക്രമിയെ മനപ്പൂർവം ഇരുട്ടത്ത് നിർത്തുന്നുവെന്നാണ് പ്രതിപക്ഷ ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *