Saturday, January 4, 2025
Sports

സൂപ്പര്‍ കിങായി ചെന്നൈ; നാലാം കിരീടം സ്വന്തമാക്കി

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സ്വപ്‌നതുല്യമായ കുതിപ്പിനു തടയിട്ട് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലാം കിരീടം സ്വന്തമാക്കി. ഒരു ഫൈനലിന്റെ മുഴുവന്‍ ആവേശവും അനിശ്ചിതത്വവും നിറഞ്ഞുനിന്ന പോരാട്ടത്തില്‍ 27 റണ്‍സിന്റെ വിജയത്തോടെയാണ് ചെന്നൈയുടെ മഞ്ഞപ്പട ഒരിക്കല്‍ക്കൂടി കപ്പില്‍ മുത്തമിട്ടത്. 2018നു ശേഷം

ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടം കൂടിയാണിത്. ഇതോടെ അഞ്ചു ട്രോഫികളെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിന് ഒരുപടി കൂടി അരികിലെത്താനും ചെന്നൈയ്ക്കു കഴിഞ്ഞു. 2012ലെ ഫൈനലില്‍ കൊല്‍ക്കത്തയോടേറ്റ പരാജയത്തിനു ഇത്തവണ ധോണിയും സംഘവുംകണക്കുതീര്‍ക്കുകയായിരുന്നു.

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (51), വെങ്കടേഷ് അയ്യര്‍ (50) എന്നിവരൊഴികെ മറ്റാരും തന്നെ കൊല്‍ക്കത്ത ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല. 32 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് വെങ്കടേഷ് 50 റണ്‍സെടുത്തതെങ്കില്‍ ഗില്‍ 43 ബോളില്‍ ആറു ബൗണ്ടറികളും പായിച്ചു. നിതീഷ് റാണ (0), സുനില്‍ നരെയ്ന്‍ (2), ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍ (4), ദിനേശ് കാര്‍ത്തിക് (9), ഷാക്വിബുല്‍ ഹസന്‍ (0), രാഹുല്‍ ത്രിപാഠി (2), ശിവം മാവി (20)

എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ ബാറ്റിങ് പ്രകടനം.
ലോക്കി ഫെര്‍ഗൂസനും (18) റണ്ണൊന്നുമെടുക്കാതെ വരുണ്‍ ചക്രവര്‍ത്തിയും പുറത്താവാതെ നിന്നു.
മൂന്നു വിക്കറ്റുകളെടുത്ത ശര്‍ദ്ദുല്‍ ടാക്കൂറാണ് ചെന്നൈ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഒരു ഘട്ടത്തില്‍ പരാജയ ഭീതിയിലായിരുന്ന ചെന്നൈയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നതും അദ്ദേഹമായിരുന്നു. ഒരേ ഓവറിലെ നാലാമത്തെയും ആറാമത്തെയും ബോളുകളിലാണ് വെങ്കടേഷ്, റാണ എന്നിവരെ പുറത്താക്കി ശര്‍ദ്ദുല്‍ ചെന്നൈയെ രക്ഷിച്ചത്. പിന്നീട് ത്രിപാഠിയുടെ വിക്കറ്റ് കൂടി അദ്ദേഹം വീഴ്ത്തി. രവീന്ദ്ര ജഡേജയും ജോഷ് ഹേസല്‍വുഡും രണ്ടു വിക്കറ്റ് വീതമെടുത്തപ്പോള്‍ ദീപക് ചാഹറിനും ഡ്വയ്ന്‍ ബ്രാവോയ്ക്കും ഒരു വിക്കറ്റ് വീതം ലഭിച്ചു.

റണ്‍ചേസില്‍ രണ്ടു തവണ കൊല്‍ക്കത്തയെ ഭാഗ്യം തുണച്ചിരുന്നു. ഓപ്പണര്‍മാരായ വെങ്കടേഷും ഗില്ലും അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. രണ്ടാം ഓവറിലെ മൂന്നാമത്തെ ബോളില്‍ റണ്ണെടുക്കുന്നതിനു മുമ്പ് തന്നെ വെങ്കടേഷിന് ചെന്നൈ ജീവന്‍ നല്‍കിയിരുന്നു. ഹേസല്‍വുഡിന്റെ ഓവറില്‍ ധോണിയാണ്

അവിശ്വസനീമാംവിധം സിംപിള്‍ ക്യാച്ച് കൈവിട്ടത്. ഇതു മുതലെടുത്ത വെങ്കടേഷ് ഫിഫ്റ്റിയടിക്കുകയും ചെയ്തു. പിന്നീട് 36 റണ്‍സെടുത്തു നില്‍ക്കെ ഗില്ലും പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടു. ജഡേജയുടെ ബൗളിങില്‍ അമ്പാട്ടി റായുഡു ഗില്ലിനെ ക്യാച്ച് ചെയ്തിരുന്നെങ്കിലും അംപയര്‍ ഇതു ഡെഡ് ബോള്‍ വിളിക്കുകയായിരുന്നു. കുത്തനെ മുകളിലേക്കുയര്‍ന്ന താരത്തിന്റെ ഷോട്ട് സ്‌പൈഡര്‍കാം കേബിളില്‍ തട്ടി ദിശ മാറി താഴേക്കു വീണതോടെയായിരുന്നു ഇത്.
മുന്‍ മല്‍സരങ്ങളിലേതു പോലെ ബൗളിങ് മികവില്‍ എതിരാളികളെ വരിഞ്ഞുകെട്ടാനുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പ്ലാന്‍ ഫൈനലില്‍ വിജയം കണ്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് നിര കെകെആറിനെ തല്ലിച്ചതയ്ക്കുകയായിരുന്നു. മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് സിഎസ്‌കെ നിശ്ചിത ഓവറില്‍ 192 റണ്‍സ് അടിച്ചെടുത്തത്. സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരവും ഓപ്പണറുമായ ഫഫ് ഡുപ്ലെസിയാണ് സിഎസ്‌കെ ബാറ്റിങിനു ചുക്കാന്‍ പിടിച്ചത്. 86 റണ്‍സോടെ അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറി. 59 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെടെയാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *