Tuesday, January 7, 2025
Sports

ഇന്ത്യ- ശ്രീലങ്ക ആദ്യ ടി-20 ഇന്ന്; സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി-20 മത്സരം ഇന്ന്. രാത്രി 7 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസൺ സ്ക്വാഡിൽ ഉണ്ടെങ്കിലും കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ സ്ക്വാഡിലുണ്ടായിട്ടും സഞ്ജു ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. ഇന്ന് താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ യുവനിരയാണ് ശ്രീലങ്കക്കെതിരെ ഇറങ്ങുക. ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി തുടങ്ങി പ്രമുഖരൊന്നും ടീമിലില്ല. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിൽ ഇവർ ഉൾപ്പെട്ടിരിക്കുന്നതിനാൽ ജോലിഭാരം കുറയ്ക്കുന്നതിനായാണ് ഇന്ത്യ ടി-20 മത്സരങ്ങൾക്കായി രണ്ടാം നിര ടീമിനെ പരീക്ഷിക്കുന്നത്.

ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മൻ ഗിൽ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ എന്നീ നാല് ഓപ്പണർമാരിൽ ഗില്ലും കിഷനും സ്ഥാനമുറപ്പിച്ചുകഴിഞ്ഞതാണ്. ഗെയ്ക്വാദും ത്രിപാഠിയും പുറത്തിരിക്കും. 3ആം സ്ഥാനത്ത് ത്രിപാഠിയെയോ ഋതുരാജിനെയോ പരീക്ഷിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നാലാം നമ്പരിൽ സൂര്യ കളിക്കും. അഞ്ചാം നമ്പറിൽ ഹൂഡയോ സഞ്ജുവോ. പാർട്ട് ടൈം സ്പിന്നർ എന്നതുകൂടി പരിഗണിക്കുമ്പോൾ ഹൂഡയ്ക്ക് തന്നെ സാധ്യത. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക്/ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചഹാൽ എന്നിങ്ങനെയാവും ടീം. ത്രിപാഠിയും ഋതുരാജും പുറത്തിരുന്നാൽ സൂര്യ മൂന്നാം നമ്പറിൽ കളിക്കും. നാലാം നമ്പറിൽ ഹൂഡ, അഞ്ചാം നമ്പറിൽ സഞ്ജു എന്നാവും സാധ്യത.

ട്വൻറി20 ടീം: ഹാർദിക് പാണ്ഡ്യ (നായകൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.

Leave a Reply

Your email address will not be published. Required fields are marked *