ആദ്യം അടിച്ച് തകര്‍ത്തു, പിന്നെ എറിഞ്ഞിട്ടു; പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയം
ഏഷ്യാ കപ്പില്‍ പാകിസ്താനെ തറപറ്റിച്ച് ടീം ഇന്ത്യ. പാകിസ്താനെതിരെ ഇന്ത്യ 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഇന്നിങ്‌സ് 128 റണ്‍സില്‍ അവസാനിച്ചു
അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് അനായാസ വിജയം ഒരുക്കിയത്. ബാറ്റിംഗിലും ബൗളിങിലും കരുത്തരായ പാകിസ്താനെ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ തറപറ്റിക്കാന്‍ സാധിച്ചത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ മഴമൂലം പൂര്‍ത്തിയാക്കാനാകാത്ത മത്സരം ഇന്ന് പുനരാരംഭിക്കുകയായിരുന്നു. കെ എല്‍ രാഹുലും വിരാട് കൊഹ്ലിയും സെഞ്ച്വറി നേടിയതോടെയാണ് 357 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയ്ക്ക് എത്താന്‍ സാധിച്ചത്.
മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്താന് എട്ട് വിക്കറ്റില്‍ ആകെ എടുക്കാനായത് 128 റണ്‍സാണ്. നസീം ഷാ, ഹാരിസ് റൗഫ് എന്നീ താരങ്ങള്‍ക്ക് പരുക്ക് മൂലം ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.