സബലങ്കയെ വീഴ്ത്തി; യു എസ് ഓപ്പൺ കിരീടം കോകോ ഗൗഫിന്
യു.എസ് ഓപ്പൺ കിരീടം അമേരിക്കൻ കൗമാരതാരം കൊകൊ ഗൗഫിന്. ബെലാറസ് താരം സബലെങ്കയെ അട്ടിമറിച്ചാണ് ഗൗഫിന്റെ കിരീടനേട്ടം. ആർതുർ ആഷെ സ്റ്റേഡിയത്തിൽ രണ്ട് മണിക്കൂറും ആറ് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗൗഫ് യു.എസ് ഓപ്പണിൽ മുത്തമിട്ടത്. സ്കോർ: 2-6, 6-3, 6-2
ട്രാസി ഓസ്റ്റിനും സെറീന വില്യംസിനും ശേഷം യു.എസ് ഓപ്പൺ കിരീടം നേടുന്ന യു.എസിന്റെ മൂന്നാമത്തെ കൗമാരതാരമാണ് ഗൗഫ്. 1999ൽ മാർട്ടീന ഹിങ്ഗിസിനെ തകർത്താണ് സെറീന യു.എസ് ഓപ്പൺ കിരീടം നേടിയത്. അന്ന് 18 വയസായിരുന്നു സെറീനയുടെ പ്രായം.
ജൂലൈയിൽ നടന്ന വിംബിൾഡൺ ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ തന്നെ ഗൗഫ് പുറത്തായിരുന്നു. പിന്നീട് നടന്ന വാഷിങ്ടൺ, സിൻസിനാറ്റി ടൂർണമെന്റുകളിൽ വിജയിച്ചാണ് അന്നത്തെ തോൽവിക്ക് ഗൗഫ് മറുപടി നൽകിയത്. ഒടുവിൽ യു.എസ് ഓപ്പൺ കൂടി നേടി തന്റെ കരിയറിലെ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണവർ.