മെസ്സിയില്ലെങ്കിലും വിജയക്കുതിപ്പുമായി ബാഴ്‌സലോണ; ലാലീഗയിൽ ജയത്തുടക്കം
ലാലിഗയിൽ സീസണിലെ ആദ്യ മത്സരത്തിൽ വിജയത്തുടക്കവുമായി ബാഴ്‌സലോണ. റയൽ സോസിഡാഡിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സ പരാജയപ്പെടുത്തയിത്. മാർട്ടിൻ ബ്രാത്ത് വെയ്റ്റിന്റെ ഇരട്ട ഗോളുകളാണ് ബാഴ്‌സയെ തുണച്ചത്
സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ ജെറാഡ് പീക്വേയിലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്രാത്ത് വെയ്റ്റ് തന്റെ ആദ്യ ഗോൾ സ്വന്തമാക്കി. ഇതോടെ ആദ്യ പകുതിയിൽ ബാഴ്‌സ 2-0ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയിൽ 59ാം മിനിറ്റിൽ ബ്രാത്ത് വെയ്റ്റ് തന്റെ രണ്ടാം ഗോൾ നേടി. ഇതോടെ ബാഴ്‌സ 3-0ന് മുന്നിലെത്തി. എന്നാൽ 82, 85 മിനിറ്റുകളിൽ സോഡിഡാസ് തിരിച്ചടിച്ചതോടെ മത്സരം 3-2ലേക്ക് എത്തി. ഇഞ്ചുറി ടൈമിൽ സെർജിയോ റോബർട്ടോ ബാഴ്‌സയുടെ നാലാം ഗോളും സ്വന്തമാക്കി.