ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന്
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടി20 മത്സരം ഇന്ന്. ബിർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ സമയം രാത്രി ഏഴു മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. അതേസമയം ഇന്ത്യൻ ടീമിൽ ഇന്ന് ഒട്ടേറെ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഇംഗ്ലണ്ട് നിരയിൽ മാറ്റം ഉണ്ടായേക്കില്ല.
രണ്ടാം ടി20യിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം മികച്ച ഫോമിലുള്ള ദീപക് ഹൂഡ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. വിരാട് കോലി മൂന്നാം നമ്പറിലും, സൂര്യകുമാർ യാദവിന് നാലാം നമ്പറിലും, ഋഷഭ് പന്ത് അഞ്ചാമതും ഇറങ്ങും. ദിനേശ് കാർത്തിക്കും ഹാർദിക് പാണ്ഡ്യയും ഫിനിഷറുടെ റോളിൽ എത്തിയേക്കും. ബൗളിംഗിലേക്ക് ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഉറപ്പാണ്. അക്സർ പട്ടേലിനു പകരം രവീന്ദ്ര ജഡേജയും ടീമിൽ തിരിച്ചെത്താം.
ആദ്യ ടി20യിൽ ആതിഥേയർ 50 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഇംഗ്ലണ്ട് നിരയിൽ മാറ്റങ്ങൾ ഉണ്ടായേക്കില്ല. ക്യാപ്റ്റൻ ജോസ് ബട്ട്‌ലറും ജേസൺ റോയിയും വീണ്ടും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. മധ്യനിരയിൽ ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ, മൊയിൻ അലി, ഡേവിഡ് മലാൻ എന്നിവരും ഉണ്ടാകും. ബൗളിംഗിൽ ടൈമൽ മിൽസ്, റീസ് ടോപ്ലി, സാം കുറാൻ, ക്രിസ് ജോർദാൻ എന്നിവർ ഉറപ്പാണ്.