‘ഞങ്ങള്‍ ഏറ്റവും സന്തുലിതമായ ടീം’: റോയല്‍ ചലഞ്ചേഴ്‌സിനെ കുറിച്ച് കോഹ്‌ലി
2016 മുതല്‍ ഐ.പി.എല്ലിലെ ഏറ്റവും സന്തുലിതമായ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണെന്ന് നായകന്‍ വിരാട് കോഹ്‌ലി. 2016ല്‍ ഫൈനലിലെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു. ഇതുവരെയും കപ്പ് നേടാനായില്ലെങ്കിലും താരസമ്പന്നമായി എത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ഇത്തവണയും വലിയ ആത്മവിശ്വാസത്തിലാണ്.
‘സത്യസന്ധമായി പറഞ്ഞാല്‍ 2016 മുതല്‍ ഏറ്റവും സന്തുലിതമായ ടീം ഞങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്. ആ ടീമില്‍ കളിക്കാന്‍ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ആ അവസ്ഥ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുള്ള ടീമാണ് ആര്‍സിബി. ക്രിസ് മോറിസിനെപ്പോലൊരു താരത്തെ അമൂല്യമായാണ് ഈ സീസണില്‍ കാണുന്നത്. ടീമിനുള്ളില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഉപകാരപ്പെടും.’
‘ഈ സീസണില്‍ ടീമിലെത്തിയ താരങ്ങളും സന്തോഷം നല്‍കുന്നവരാണ്. അനുഭവസമ്പത്തും യുവത്വവും നിറഞ്ഞ ടീമാണ് ഇത്തവണത്തേത്. ടി20ന് അനുയോജ്യരായ നിരവധി താരങ്ങളുണ്ട്. ഉത്തരവാദിത്വം ഏറ്റെടുക്കാനും അവസരത്തിനായും കാത്തിരിക്കുകയാണവര്‍’ കോഹ്‌ലി പറഞ്ഞു.