കോവിഡ് ഭീഷണിയില്‍ കുരുങ്ങി ദക്ഷിണാഫ്രിക്കന്‍ ടീം
ഇന്ത്യയില്‍ ഏകദിന പരമ്പരയ്‌ക്കെത്തിരെ കോവിഡ് 19 ഭീഷണിയ്ക്ക് വിധേയരായിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ താമസിച്ച ഹോട്ടലില്‍ ആ സമയം സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും തങ്ങിയതാണ് ആശങ്ക സൃഷ്ടിക്കുന്നത്.
മാര്‍ച്ച് 11 മുതല്‍ കനിക കപൂര്‍ തങ്ങിയ ഹോട്ടലിലാണ് ദക്ഷിഫ്രിക്കന്‍ ടീമും താമസിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനികക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഹോട്ടല്‍ ലോബിയില്‍ വെച്ച് കനിക നിരവധി അതിഥികളോട് സംസാരിച്ചതായും, വിരുന്നൊരുക്കിയതായുമാണ് റിപ്പോര്‍ട്ട്. ലഖ്നൗ ഏകദിനത്തിനായാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഇവിടെയെത്തിയത്. എന്നാല്‍ കോവിഡ് 19ന്റെ സാഹചര്യത്തില്‍ ഏകദിനം ഉപേക്ഷിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കി.
ഇന്ത്യയില്‍ നിന്ന് സൗത്ത് ആഫ്രിക്കിയിലേക്ക് തിരിച്ചെത്തിയ ടീമിനെ 14 ദിവസത്തെ സെല്‍ഫ് ഐസൊലേഷന് വിധേയമാക്കിയിരിക്കുകയാണ്. ഇന്ത്യക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ മറ്റ് രണ്ട് കളികള്‍ കോവിഡ് 19 ഭീതിയില്‍ റദ്ദാക്കി. ദക്ഷിണാഫ്രിക്കന്‍ ടീം അംഗങ്ങളുമായി കനിക ഇടപഴകിയിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.