ചരിത്രനേട്ടം’, മലയാളി താരങ്ങളെ അഭിനന്ദിച്ച് കായിക മന്ത്രി
കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടംകുറിച്ച മലയാളി താരങ്ങളെ അഭിനന്ദിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടിയ എൽദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചതെന്നും മന്ത്രി അറിയിച്ചു.
ട്രിപ്പിൾ ജമ്പിൽ എൽദോസ് നേടിയ സ്വർണത്തിനും അബ്ദുള്ള നേടിയ വെള്ളിക്കും തിളക്കം ഏറെയാണ്. കേരളം അത്ലറ്റിക്സിൽ നടത്തുന്ന ശക്തമായ തിരിച്ചുവരവിൻ്റെ സൂചനയാണിത്. കേരളത്തിൻ്റെ കായിക മേഖലയ്ക്കാകെ പ്രചോദനമാണിത്. സ്കൂൾ തലം മുതൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് എൽദോസും അബ്ദുള്ളയും. ഈ സീസണിൽ ഇരുവരും നല്ല ഫോമിലാണ്.”
“ചെറുപ്പക്കാരായ ഈ താരങ്ങളിൽ നിന്ന് ഇനിയും ഏറെ നേട്ടങ്ങൾ പ്രതീക്ഷിക്കാം. നേരത്തെ ലോങ്ങ്ജമ്പിൽ ശ്രീശങ്കർ വെള്ളി നേടിയിരുന്നു. ഈ കോമൺവെൽത്ത് ഗെയിംസ് കേരളത്തെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന വേദിയാണ്. കൂടുതൽ മലയാളി താരങ്ങൾക്കും ഇന്ത്യയ്ക്കും മികച്ച പ്രകടനം തുടരാൻ കഴിയട്ടെ എന്നാശംസിക്കുന്നു.” – വി അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു.
കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സുവർണം നേടിയപ്പോൾ ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളി മെഡൽ സ്വന്തമാക്കി.