ഇന്ത്യൻ ടീം സെലക്ഷൻ കമ്മറ്റിയെ പ്രഖ്യാപിച്ചു; മുഖ്യ സെലക്ടറായി ചേതൻ ശർമ തുടരും
ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റിയെ പ്രഖ്യാപിച്ച് ബിസിസിഐ. കമ്മറ്റി ചെയർമാനായി ചേതൻ ശർമ തുടരും. ശിവ് സുന്ദർ ദാസ്, സുബ്രൊതോ ബാനർജി, സലിൽ അങ്കോള, ശ്രീധരൻ ശരത് എന്നിവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ. സുലക്ഷണ നായിക്, അശോക് മെൽഹോത്ര, ജതിൻ പരഞ്ജപെ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് കമ്മറ്റിയെ തെരഞ്ഞെടുത്തത്.
600ഓളം അപേക്ഷകകളിൽ നിന്ന് 11 പേഉടെ ചുരുക്കപ്പട്ടികയുണ്ടാക്കി അവരുമായി നടത്തിയ അഭിമുഖത്തിൽ നിന്നാണ് പുതിയ സെലക്ഷൻ കമ്മറ്റിയെ തെരഞ്ഞെടുത്തതെന്ന് ബിസിസിഐ അറിയിച്ചു.
അതേസമയം, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ആദ്യ കളി ഇന്ത്യയും രണ്ടാമത്തെ കളി ശ്രീലങ്കയും വിജയിച്ചതിനാൽ ഇന്ന് വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. അതുകൊണ്ട് തന്നെ ഒരു ടീമുകൾക്കും ഇന്നത്തെ കളി നിർണായകമാണ്. ഇന്ന് രാത്രി 7ന് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ മത്സരം നടക്കും.
ബാറ്റിംഗും ബൗളിംഗും ഒരുപോലെ പ്രശ്നമാണ് ഇന്ത്യക്ക്. ആദ്യ കളിയിൽ വെറും രണ്ട് റൺസിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടാമത്തെ കളി തുടക്കത്തിൽ തകർന്നടിഞ്ഞതിനു ശേഷം തിരികെവന്ന് 16 റൺസിന് ഇന്ത്യ തോറ്റു. ഈ രണ്ട് മത്സരങ്ങളിലും ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്നു. ടി-20 ഫോർമാറ്റ് ഇനിയും ക്രാക്ക് ചെയ്തിട്ടില്ലാത്ത ശുഭ്മൻ ഗിൽ രണ്ട് കളിയും നിരാശപ്പെടുത്തി. എങ്കിലും ഗിൽ ടീമിൽ തുടർന്നേക്കും. ഇന്ന് കൂടി പരാജയപ്പെട്ടാൽ ഒരുപക്ഷേ, ഗില്ലിന് ടി-20 ടീമിൽ തിരികെയെത്താൻ കഴിഞ്ഞേക്കില്ല. ആദ്യ കളിയിൽ ഇഷാൻ കിഷൻ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും രണ്ടാമത്തെ കളിയിൽ എക്സ്പോസ്ഡായി. സൂര്യകുമാർ യാദവും ദീപക് ഹൂഡയും ഹാർദിക് പാണ്ഡ്യയുമൊക്കെ അസ്ഥിര പ്രകടനങ്ങൾ നടത്തുന്നു. അക്സർ പട്ടേലാണ് രണ്ട് മത്സരങ്ങളിലും തിളങ്ങിയ ഒരു താരം.
ബൗളിംഗിൽ ആദ്യ കളി 22 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ശിവം മവി രണ്ടാമത്തെ കളിയിൽ 4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ വഴങ്ങിയത് 53 റൺസ്. ആദ്യ കളി 4 ഓവറിൽ 41 റൺസ് വഴങ്ങിയ ഹർഷലിനു പകരം ടീമിലെത്തിയ അർഷ്ദീപ് 2 ഓവറിൽ 5 നോ ബോൾ അടക്കം വഴങ്ങിയത് 37 റൺസ്. ആദ്യ കളി 3 ഓവറിൽ 31 റൺസ് വഴങ്ങിയ അക്സർ പട്ടേൽ രണ്ടാമത്തെ കളിയിൽ മികച്ചുനിന്നു. ആദ്യ കളി മിന്നിയ ഉമ്രാന് കഴിഞ്ഞ കളി തല്ലും വിക്കറ്റും കിട്ടി. ആദ്യ കളി തല്ലുകിട്ടിയ ചഹാൽ കഴിഞ്ഞ കളി നന്നായി എറിഞ്ഞു.