Monday, January 6, 2025
Sports

ഗുസ്തിയിലൂടെ മെഡൽ വാരി ഇന്ത്യ, ഹോക്കി സെമിയിൽ വീണ് വനിതാ ടീം

ബർമിംഗ്ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയിലൂടെ സ്വര്‍ണം വാരി ഇന്ത്യ.ബജ്‌റംഗ് പൂനിയക്ക് പിന്നാലെ സാക്ഷി മാലിക്കും ദീപക് പൂനിയയും സ്വര്‍ണം നേടി. ഗുസ്തിയില്‍ താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നപ്പോള്‍ ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ഫൈനല്‍ സ്വപ്‌നങ്ങള്‍ തകര്‍ന്നു.

വനിതകളുടെ 65 കിലോ വിഭാഗത്തിലാണ് സാക്ഷി മാലിക് സ്വര്‍ണം നേടിയത്. കലാശപ്പോരില്‍ കാനഡയുടെ അന ഗൊഡീനസ് ഗോണ്‍സാലസിനെയാണ് സാക്ഷി വീഴ്ത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സാക്ഷിയുടെ ആദ്യ സ്വര്‍ണമാണ് ഇത്. 2014ല്‍ വെങ്കലും 2018ല്‍ വെള്ളിയുമാണ് സാക്ഷി നേടിയത്.86 കിഗ്രാം വിഭാഗത്തിലാണ് ദീപക് പൂനിയ സ്വര്‍ണം നേടിയത്. പാകിസ്ഥാന്റെ മുഹമ്മദ് ഇനാം ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ചാണ് ദീപക് പൂനിയ സ്വര്‍ണത്തിലേക്ക് എത്തിയത്. രണ്ട് വട്ടം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് ഇനാം.

ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണങ്ങള്‍ ഒന്‍പതായി. ഗുസ്തിയില്‍ ഇന്ത്യയുടെ അന്‍ഷു മാലിക് വെള്ളി നേടിയിരുന്നു. ഫൈനലില്‍ നൈജീരിയയുടെ ഒഡുനായോട് തോറ്റതോടെയാണ് അന്‍ഷുവിന് സ്വര്‍ണത്തിലേക്ക് എത്താനാവാതെ പോയത്.

ഹോക്കിയില്‍ വീണത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

ഹോക്കിയില്‍ 1-1ന് സമനിലയിലെത്തിയതോടെ ഓസ്‌ട്രേലിയക്കെതിരായ സെമി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0നാണ് ഓസ്‌ട്രേലിയ ജയിച്ചത്. ഓസീസിന്റെ ആദ്യ സ്‌ട്രോക്ക് ഇന്ത്യ തടഞ്ഞിരുന്നു. എന്നാല്‍ സ്‌ട്രോക്ക് പൂര്‍ത്തിയാക്കാന്‍ എടുക്കാവുന്ന സമയം കണക്കാക്കേണ്ട ക്ലോക്ക് പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല എന്ന് കാണിച്ച്‌ ഓസ്‌ട്രേലിയക്ക് റഫറി വീണ്ടും അവസരം നല്‍കി.

ഇന്ത്യക്കായി സ്‌ട്രോക്ക് എടുത്ത ലാല്‍റെംസിയാമി, നേഹ, നവ്‌നീത് എന്നിവര്‍ക്ക് ലക്ഷ്യം കാണാനായില്ല. നിശ്ചിത സമയത്ത് 25ാം മിനിറ്റില്‍ ഗോള്‍ നേടിയാണ് ഓസ്‌ട്രേലിയ മുന്‍പിലെത്തിയത്. 49ാം മിനിറ്റില്‍ വന്ദനയിലൂടെ ഇന്ത്യ തിരിച്ചടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *