ഷാക്കിബ് അല്‍ ഹസന് ചരിത്ര നേട്ടം! ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ബംഗ്ലാദേശിന് അട്ടിമറി ജയം
ചിറ്റഗോങ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ അട്ടിമറി വിജയവുമായി ബംഗ്ലാദേശ്. ചിറ്റഗോങില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിന്‍ന്റെ ജയമാണ് ബംഗ്ലാദേശ് നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 48.5 ഓവറില്‍ 246ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 43.1 ഓവറില്‍ 196 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടി ഷാക്കിബ് അല്‍ ഹസനാണ് സന്ദര്‍ശകരെ തകര്‍ത്തത്. നേരത്തെ 75 റണ്‍സോടെ ബാറ്റിംഗിലും ഷാക്കിബ് തിളങ്ങിയിരുന്നു. ഷാക്കിബ് തന്നെയാണ് മത്സരത്തിലെ താരം. ബംഗ്ലാദേശിന് വേണ്ടി ഏകദിനത്തില്‍ 300 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമാവാനും ഷാക്കിബിന് സാധിച്ചു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ ജേസണ്‍ റോയ് (19)- ഫിലിപ്പ് സാള്‍ട്ട് (35) സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒരു റണ്‍സിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഇരുവരേയും കൂടാതെ ഡേവിഡ് മലാനം (0) പവലിയനില്‍ തിരിച്ചെത്തി. ഇതോടെ ഇംഗ്ലണ്ട് മൂന്നിന് 55 എന്ന നിലയിലായി. തുടര്‍നന് ജെയിംസ് വിന്‍സെ (38)- സാം കറന്‍ (23) എന്നിവര്‍ രക്ഷാ പ്രവര്‍ത്തനം നടത്തി.
എന്നാല്‍ കൂട്ടുകെട്ട് പൊളിച്ച് മെഹിദ് ഹസന്‍ മിറാസ് ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. കറന്‍ പുറത്ത്. മൂന്ന് ഓവറുകള്‍ക്ക് ശേഷം വിന്‍സെയെ ഷാക്കിബും മടക്കി. തുടര്‍ന്നെത്തിയവരില്‍ ജോസ് ബ്ടലര്‍ (26), ക്രിസ് വോക്‌സ് (34) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. മൊയീന്‍ അലി (2), ആദില്‍ റഷീദ് (8), റെഹാന്‍ അഹമ്മദ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഫ്ര ആര്‍ച്ചര്‍ (5) പുറത്താവാതെ നിന്നു.
നേരത്തെ ബംഗ്ലാദേശിന്റെ ഓപ്പണര്‍മാരായ തമീം ഇഖ്ബാലും (11), ലിറ്റണ്‍ ദാസും (0) നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ മുഷ്ഫിഖുര്‍ റഹീം (70), ഷാക്കിബ്, നജ്മുള്‍ ഷാന്റോ (53) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ ബംഗ്ലാദേശിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. മഹ്മുദുള്ള (8), അഫീഫ് ഹുസൈന്‍ (15), മെഹിദി (5), തയ്ജുല്‍ ഇസ്ലാം (2), മുസ്തഫിസുര്‍ റഹ്മാന്‍ (0) എന്നിരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആര്‍ച്ചര്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.