ഇന്ന് ആറ്റുകാല്‍ പൊങ്കാല; ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി
ഇന്ന് ഭക്തിസാന്ദ്രമായ ആറ്റുകാല്‍ പൊങ്കാല. ആറ്റുകാലമ്മയെ ദര്‍ശിക്കുന്നതിനായി പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് ഇതിനോടകം തന്നെ എത്തിയത്. രാവിലെ പത്ത് മണിയോടെയാകും പൊങ്കാല അടുപ്പിലേക്ക് തീ പകരുക.
കൊവിഡിന് മുന്‍പുള്ള മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനവാണ് ഇക്കുറി ആറ്റുകാലില്‍ അനുഭവപ്പെടുന്നത്. അടുപ്പുവെട്ടിന് ശേഷം ഉച്ചയ്ക്ക് 2.30 ന് നിവേദ്യം. രാത്രി കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍കുത്ത്. രാത്രി 10.15 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. നാളെ രാവിലെ തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8 ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.15 ന് കാപ്പഴിക്കും. പുലര്‍ച്ചെ ഒന്നിന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിനു സമാപനമാകും.
സുരക്ഷയ്ക്കായി 3300 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ 150 വൊളന്റിയര്‍മാര്‍, അഗ്‌നി രക്ഷാ സേനയുടെ 250 ജീവനക്കാര്‍ തുടങ്ങിയവര്‍ സേവനത്തിനുണ്ട്. കെഎസ്ആര്‍ടിസി 400 സര്‍വീസുകള്‍ നടത്തും. 1270 പൊതു ടാപ്പുകള്‍ സജ്ജീകരിച്ചു. ശുചീകരണത്തിന് മൂവായിരം പേരെ കോര്‍പറേഷന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കണ്‍ട്രോള്‍ റൂമുകളും ക്ഷേത്ര പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള 10 മെഡിക്കല്‍ ടീമുകളെ രാവിലെ അഞ്ച് മണി മുതല്‍ പൊങ്കാല അവസാനിക്കുന്നതുവരെ നിയോഗിച്ചു.