അണ്ടര്‍ 19 വനിതാ ലോകകപ്പ്: ഓസ്‌ട്രേലിയയെ, ബംഗ്ലാദേശ് അട്ടിമറിച്ചു; യുഎഇക്കും ജയം
കേപ്ടൗണ്‍: പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശിന് അട്ടിമറി ജയം. ബെനോനി വില്ലോമൂര്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. ക്ലെയറെ മൂര്‍ 52 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 40 റണ്‍സെടുത്ത ദിലാര അക്തറാണ് ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗില്‍ ആദ്യ പന്തില്‍ തന്നെ ബംഗ്ലാദേശിന് ഓപ്പണര്‍ റാണി സാഹയെ (0) നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അഫീഫ ഹുമൈറ (24)- ദിലാറ സഖ്യത്തിന്റെ കൂട്ടുകെട്ട് ബംഗ്ലാദേശിന് തുണയയായി. ഇരുവരും 66 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 42 പന്തില്‍ 40 റണ്‍സെടുത്ത ദിലാറ 11-ാം ഓവറില്‍ പുറത്തായി. ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നാലെ അഫീഫയും മടങ്ങി. ഇതോടെ മൂന്നിന് 71 എന്ന നിലയിലായി ബംഗ്ലാദേശ്.
എന്നാല്‍ ഷൊര്‍ണ അക്തര്‍ (12)- സുമയ്യ അക്തര്‍ (25) എന്നിവര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ മറൂഫ അക്തര്‍, ദിഷ ബിഷ്വാസ് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനാണ് ഓസ്‌ട്രേലിയയെ നിയന്ത്രിച്ചത്. മൂറിന് പുറമെ ഹെല്ല ഹേവാര്‍ഡ് (35) മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. എമി സ്മിത്ത് (ഏഴ് പന്തില്‍ 16), റിസ് മക്‌കെന്ന (6 പന്തില്‍ 12) എന്നിവര്‍ പുറത്താവാതെ നിന്നു.
യുഎഇക്ക് ആറ് വിക്കറ്റ് ജയം
ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ യുഎഇ സ്‌കോട്‌ലന്‍ഡിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സ്‌കോട്‌ലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ട് വിക്കറ്റ് വീതം നേടിയ ഇന്ദുജ നന്ദകുമാര്‍, വൈഷ്ണവെ മഹേഷ്, സമൈറ ധര്‍ണിധര്‍ക്ക എന്നിവര്‍ ബൗളര്‍മാരില്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ യുഎഇ 16.2 ഓവറില്‍ ആറ് വിക്കറ്റ് ശേഷിക്കെ ലക്ഷ്യം മറികടന്നു. 33 റണ്‍സെടുത്ത മഹിക ഗൗറാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ തീര്‍ത്ഥ സതീഷ് (27), ധര്‍ണിധര്‍ക്ക (23) എന്നിവരും തിളങ്ങി. ലാവണ്യ കെനി (7), റിനിത രജിത് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വൈഷ്ണവെ (0) പുറത്താവാതെ നിന്നു.