ടാര നോറിസിന് 5 വിക്കറ്റ്; ഡൽഹിക്ക് വമ്പൻ ജയം
വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് ജയത്തുടക്കം. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 60 റൺസിനാണ് ഡൽഹി കീഴടക്കിയത്. ഡൽഹി ക്യാപിറ്റൽസ് മുന്നോട്ടുവച്ച 224 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബിയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസെടുക്കാനേ സാധിച്ചുള്ളൂ . സ്മൃതി മന്ദന (23 പന്തിൽ 35), ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഹെതർ നൈറ്റ് (21 പന്തിൽ 34), എലിസ് പെറി (19 പന്തിൽ 31), മേഗൻ ഷൂട്ട് (19 പന്തിൽ 30 നോട്ടൗട്ട്) എന്നിവരും ഇരട്ടയക്കം കടന്നു. 4 ഓവറിൽ വെറും 29 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ യുഎസ്എ താരം ടാര നോറിസാണ് ബാംഗ്ലൂരിനെ തകർത്തത്. (delhi won bangalore wpl)
മികച്ച തുടക്കമാണ് ബാംഗ്ലൂരിനു ലഭിച്ചത്. സ്മൃതി മന്ദനയും സോഫി ഡിവൈനും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. ഇരുവരെയും പുറത്താക്കിയ ആലിസ് കാപ്സി ഡൽഹിയ്ക്ക് മുൻതൂക്കം നൽകി. എലിസ് പെറി നന്നായി തുടങ്ങിയെങ്കിലും ടാര നോറിസിൻ്റെ തകർപ്പൻ പ്രകടനം ബാംഗ്ലൂരിൻ്റെ നട്ടെല്ലൊടിച്ചു. പെറി, ദിഷ കസത്, റിച്ച ഘോഷ്, കനിക അഹുജ, ഹെതർ നൈറ്റ് എന്നിവരൊക്കെ ടാരയ്ക്ക് മുന്നിൽ വീണു. ഹെതറും മേഗൻ ഷട്ടും ചേർന്ന് 8ആം വിക്കറ്റിൽ കൂട്ടിച്ചേർത്ത 54 റൺസാണ് ആർസിബി ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ട്. ആശ ശോഭനയെ ശിഖ പാണ്ഡെ പുറത്താക്കി. മേഗൻ ഷൂട്ട് (19 പന്തിൽ 30) നോട്ടൗട്ടാണ്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 223 റൺസ് നേടി. ഷഫാലി വർമ (45 പന്തിൽ 84), ക്യാപ്റ്റൻ മെഗ് ലാനിങ്ങ് (43 പന്തിൽ 72) എന്നിവർ ഫിഫ്റ്റി നേടിയപ്പോൾ മരിസേൻ കാപ്പ് (17 പന്തിൽ 39), ജമീമ റോഡ്രിഗസ് (15 പന്തിൽ 22) എന്നിവരും തകർത്തടിച്ചു. ആർസിബിയ്ക്കായി ഹെതർ നൈറ്റാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.