കെ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും ചേർന്ന് എൻഡിഎയെ നയിക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം
നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെ കെ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും ചേർന്ന് നയിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. മത്സരിക്കാനായി തുഷാറിന് മേൽ ബിജെപി നേതൃത്വം സമ്മർദം ചെലുത്തുന്നുണ്ട്. കൂടുതൽ ചർച്ചകൾക്കായി തുഷാറിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു
വർക്കല, കുട്ടനാട്, കൊടുങ്ങല്ലൂർ സീറ്റുകളാണ് തുഷാറിനായി പരിഗണിക്കുന്നത്. അതേസമയം താൻ മത്സരിക്കില്ലെന്ന നിലപാടിൽ തുഷാർ ഉറച്ചു നിൽക്കുകയാണ്. ഇതേ തുടർന്നാണ് തുഷാറിനെ ബിജെപി കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
കെ സുരേന്ദ്രനെ കോന്നിയിൽ മത്സരിപ്പിക്കാനാണ് നീക്കം. കോന്നിയിൽ ഇതിനായി താഴെ തട്ടിൽ മുതൽ പ്രവർത്തനം ആരംഭിക്കാൻ നിർദേശം നൽകി. നേതാക്കളോടും കോന്നി കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്