ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് ഇന്ന് തുടക്കം; ഷമിക്ക് പകരം ഉമ്രാൻ മാലിക് ടീമിൽ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബംഗ്ലാദേശ് പര്യടനത്തിന് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഇന്ത്യൻ സമയം രാവിലെ 11.30 ന് ധാക്കയിലെ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ന്യൂസീലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന മുതിർന്ന താരങ്ങളൊക്കെ ഇന്ത്യൻ ടീമിൽ തിരികെ എത്തിയിട്ടുണ്ട്.
ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ എന്നിവരൊക്കെ ടീമിലേക്ക് തിരികെയെത്തിയതിനാൽ ഏറെക്കുറെ പൂർണശക്തമായ ബാറ്റിംഗ് നിരയെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ അണിനിരത്തുന്നത്. മുതിർന്ന ഓപ്പണർ ശിഖർ ധവാൻ ടീമിലെ സ്ഥാനം നിലനിർത്തിയതിനാൽ രോഹിതിനൊപ്പം ധവാൻ തന്നെ ഓപ്പൺ ചെയ്തേക്കും. വരുന്ന ഏകദിന ലോകകപ്പിലേക്കുള്ള മുന്നൊരുക്കമെന്ന് പറയെപ്പെടുന്നെങ്കിലും ഇതുവരെ അതിൻ്റെ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ധവാനെത്തന്നെ ഓപ്പണറാക്കിയുള്ള പരീക്ഷണം തുടർന്നേക്കും. അങ്ങനെയെങ്കിൽ കെഎൽ രാഹുൽ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ എന്നതാവും ചോദ്യം. നാലാം നമ്പറിൽ ഏറെക്കുറെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞ ശ്രേയാസ് അയ്യർക്ക് പകരം രാഹുൽ നാലാം നമ്പരിൽ കളിച്ചാൽ ഇന്ത്യയുടെ ടീം ബാലൻസിനെ അത് ബാധിക്കും. എന്നാൽ, വർഷങ്ങളായി ടീം ഇന്ത്യയുടെ രീതി ചേരാത്ത ഇടങ്ങളിൽ താരങ്ങളെ തിരുകുക എന്നതായതിനാൽ കെഎൽ നാലാം നമ്പറിലും ശ്രേയാസ് അഞ്ചാം നമ്പറിലും കളിക്കും.
ധവാനെ പുറത്തിരുത്താൻ മാനേജ്മെൻ്റ് ധൈര്യം കാണിച്ചാൽ കെഎൽ ഓപ്പണിംഗിലും ശ്രേയാസ് നാലാം നമ്പറിലുമാവും കളിക്കുക. അങ്ങനെയെങ്കിൽ രജത് പാടിദാറിനോ രാഹുൽ ത്രിപാഠിയ്ക്കോ അവസരം നൽകും. ഷമി പരുക്കേറ്റ് പുറത്തായതിനാൽ മുഹമ്മദ് സിറാജ്, ദീപക് ചഹാർ, ശാർദുൽ താക്കൂർ എന്നിവർ പേസർമാരായി കളിച്ചേക്കും. വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവർക്കാവും സ്പിൻ ചുമതല. ന്യൂസീലൻഡിനെതിരെ ഒരു ലോവർ ഓർഡർ ബാറ്റർ എന്ന നിലയിൽ തകർത്തുകളിച്ചത് വാഷിംഗ്ടണു തുണയാവും.
ഓപ്പണർ ലിറ്റൻ ദാസാണ് ബംഗ്ലാദേശിനെ നയിക്കുക. മുഷ്ഫിക്കർ റഹീം, ഷാക്കിബ് അൽ ഹസൻ, അഫീഫ് ഹുസൈൻ, മെഹദി ഹസൻ തുടങ്ങി മികച്ച താരങ്ങൾ ബംഗ്ലാദേശിലുണ്ട്.