Thursday, April 10, 2025
Sports

ക്യാപ്റ്റനായി രോഹിത് മതി; ബിസിസിഐ ഇന്റർവ്യൂവിൽ ദ്രാവിഡ്

മുംബൈ: ‘ഏകദിനത്തിലും ടി20യിലും ക്യാപ്റ്റനായി ആരെയാണ് കാണുന്നത്?’ ടീം ഇന്ത്യയുടെ പുതിയ കോച്ചായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ദ്രാവിഡിനോട് ബിസിസിഐ ഇന്റർവ്യൂ ബോർഡ് ചോദിച്ച ചോദ്യങ്ങളിൽ ഒന്നാണിത്. രോഹിത് ശർമ്മ മതിയെന്ന ഉത്തരമാണ് ദ്രാവിഡ് നൽകിയത്. അല്ലെങ്കിൽ കെഎൽ രാഹുല്‍. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നവംബർ 17ന് ആരംഭിക്കുന്ന ന്യൂസിലാൻഡ് പരമ്പരയിൽ ദ്രാവിഡ് കോച്ചായി സ്ഥാനമേൽക്കും.

ലോകകപ്പ് കഴിയുമ്പോൾ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന് നേരത്തെ വിരാട് കോഹ്‌ലി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏകദിനത്തിലും തലമാറുമെന്ന സൂചനയാണ് ബിസിസിഐ നൽകുന്നത്.

നിലവിൽ ഡയറക്ടറായ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ഭാവി പദ്ധതികളെ കുറിച്ചുള്ള പവർ പോയിന്റ് പ്രസന്റേഷനും ദ്രാവിഡ് അവതരിപ്പിച്ചു. ദേശീയ ടീമുമായി എങ്ങനെ അക്കാദമിയെ സഹകരിപ്പിക്കാം എന്നതായിരുന്നു പ്രസന്റേഷൻ.

ഹെഡ് കോച്ച് സ്ഥാനത്തേക്ക് ദ്രാവിഡിന്റെ അപേക്ഷ മാത്രമാണ് ബിസിസിഐക്കു മുമ്പിലുണ്ടായിരുന്നത്. ഏകകണ്ഠേനയായിരുന്നു ബിസിസിഐയുടെ തീരുമാനം. ഇന്ത്യൻ ടീമിന്റെ കോച്ചാകുന്നത് അങ്ങേയറ്റത്തെ ആദരമാണെന്ന് ദ്രാവിഡ് പ്രതികരിച്ചു. രവി ശാസ്ത്രിക്ക് കീഴിൽ ടീം മികച്ച രീതിയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഭാവിയിൽ ടീമുമായി മികച്ച രീതിയിൽ മുമ്പോട്ടു പോകാമെന്നാണ് പ്രതീക്ഷ. എൻസിഎ, അണ്ടർ 19, ഇന്ത്യ എ ടീമിൽ കളിച്ച വളരെ അടുത്ത് പരിചയമുള്ള കളിക്കാർ ഇപ്പോൾ സീനിയർ ടീമിലുണ്ട്. ഓരോ ദിവസവും കളിയോടുള്ള അവരുടെ അഭിനിവേശം വർധിച്ചുവരികയാണ്- ദ്രാവിഡ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *