Thursday, January 23, 2025
Sports

ഷാര്‍ജയില്‍ ‘സണ്‍റൈസ്; ചാമ്പലായി ചാംപ്യന്‍മാര്‍: എസ്ആര്‍എച്ച് പ്ലേഓഫില്‍

ഷാര്‍ജ: ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു രാജകീയമായി തന്നെ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്നേറി. മിഷന്‍ ഇംപോസിബിളെന്നു പലരും ചൂണ്ടിക്കാട്ടിയ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ എസ്ആര്‍എച്ച് അക്ഷരാര്‍ഥത്തില്‍ നാണംകെടുത്തി. പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമാണ് ഹൈദരാബാദ് ആഘോഷിച്ചത്. ഹൈദരാബാദിന്റെ മിന്നുന്ന ജയത്തോടെ മറ്റൊരു മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു.

മുംബൈയെ എട്ടു വിക്കറ്റിന് 149 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഹൈദരാബാദ് പകുതി ജയിച്ചിരുന്നു. മറുപടിയില്‍ ജസ്പ്രീത് ബുംറയുടെയും ട്രെന്റ് ബോള്‍ട്ടിന്റെയും അഭാവത്തില്‍ മൂര്‍ച്ച കുറഞ്ഞ മുംബൈ ബൗളിങ് നിരയെ ഹൈദരാബാദ് തല്ലിച്ചതയ്ക്കുകയായിരുന്നു. വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 17.1 ഓവറില്‍ തന്നെ ഹൈദരാബാദ് ലക്ഷ്യം മറികടന്നു, ഒപ്പം പ്ലേഓഫിലുമെത്തി. നായകന്റെ കളി പുറത്തെടുത്ത ഡേവിഡ് വാര്‍ണറും (85*) ഓപ്പണിങ് പങ്കാളി വൃധിമാന്‍ സാഹയും (58*) നേടിയ തകര്‍പ്പന്‍ ഫിഫ്റ്റികളാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കി മാറ്റിയത്. 58 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് വാര്‍ണര്‍ 85 റണ്‍സെടുത്തതെങ്കില്‍ സാഹ 45 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും നേടി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈയെ മികച്ച ബൗളിങിലൂടെ ഹൈദരാബാദ് എട്ടു വിക്കറ്റിനു 149 റണ്‍സില്‍ എറിഞ്ഞൊതുക്കുകയായിരുന്നു. മുംബൈ നിരയില്‍ ആരും അര്‍ധസെഞ്ച്വറി തികച്ചില്ല. കരണ്‍ പൊള്ളാര്‍ഡിന്റെ (41) ഇന്നിങ്‌സാണ് മുംബൈയെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 25 ബോളില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറിയും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സൂര്യകുമാര്‍ യാദവ് (36), ഇഷാന്‍ കിഷന്‍ (33), ക്വിന്റണ്‍ ഡികോക്ക് (25) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. മറ്റുള്ളവരൊന്നും രണ്ടക്കം കടന്നില്ല. മൂന്നു വിക്കറ്റെടുത്ത സന്ദീപ് ശര്‍മയാണ് ഹൈദരാബാദ് ബൗളര്‍മാരില്‍ മികച്ചു നിന്നത്. ജാസണ്‍ ഹോള്‍ഡറും ഷഹബാസ് നദീമും രണ്ടു വിക്കറ്റ് വീതമെടുത്തു.
ടോസ് ലഭിച്ച ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു ഭേദമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈയുടെ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പരിക്ക് കാരണം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നൊഴിവാക്കപ്പെട്ടിരുന്ന താരം കൂടിയാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *