തുടരെ രണ്ട് സിക്‌സര്‍; കെകെആറിനെ കരയിച്ച് ജഡേജ: മുംബൈ പ്ലേഓഫില്‍
ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ തുലാസിലാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറ്റൊരു ടീമിനെക്കൂടി പുറത്താവലിന്റെ വക്കിലെത്തിച്ചു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാണ് ഇത്തവണ സിഎസ്‌കെയ്ക്കു മുന്നില്‍ ചുവടു പിഴച്ചത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ കെകെആറിന് അവസാന ഓവറിലെ അവസാന രണ്ടു പന്തുകളില്‍ പിഴയ്ക്കുകയായിരുന്നു. ആറു വിക്കറ്റിനാണ് സിഎസ്‌കെയുടെ വിജയം. കെകെആറിന്റെ പരാജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലേക്കു യോഗ്യത നേടുകയും ചെയ്തു.
173 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയുടെ വിജയം പിറന്നത് അവസാന പന്തിലായിരുന്നു. 10 റണ്‍സായിരുന്നു അവസാന ഓവറില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. കമലേഷ് നാഗര്‍കോട്ടിയെറിഞ്ഞ ആദ്യ നാലു പന്തില്‍ മൂന്നു റണ്‍സ് മാത്രമാണ് സിഎസ്‌കെയ്്ക്കു നേടാനായത്. എന്നാല്‍ അഞ്ചാമത്തെ പന്ത് സിക്‌സറിലേക്കു പറത്തി ജഡേജ സ്‌കോര്‍ തുല്യമാക്കി. ഇതോടെ അവസാന പന്തില്‍ വേണ്ടത് സിംഗിള്‍. എന്നാല്‍ ഈ ബോളും സിക്‌സറിലേക്കു പായിച്ച് ജഡേജ ടീമിന് ആവേശോജ്വല വിജയം നേടിക്കൊടുത്തു. 11 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം ജഡേജ 31 റണ്‍സ് വാരിക്കൂട്ടി. യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് (72) സിഎസ്‌കെയുടെ വിജയത്തിന് അടിത്തറയിട്ടത്. ടൂര്‍ണമെന്റില്‍ തുടരെ രണ്ടാമത്തെ കളിയിലാണ് താരം ഫിഫ്റ്റി നേടിയത്. 53 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. അമ്പാട്ടി റായുഡുവാണ് (38) മറ്റൊരു പ്രധാന സ്‌കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കെകെആര്‍ ഓപ്പണര്‍ നിതീഷ് റാണയുടെ (87) തകര്‍പ്പന്‍ ഇന്നിങ്‌സിലേറിയാണ് അഞ്ചു വിക്കറ്റിനു 172 റണ്‍സെടുത്തത്. 61 പന്തില്‍ 10 ബൗണ്ടറികളും നാലു വമ്പന്‍ സിക്‌സറുകളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കെകെആര്‍ നിരയില്‍ മറ്റാരും 30ന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല. ശുഭ്മാന്‍ ഗില്‍ (26), ദിനേഷ് കാര്‍ത്തിക് (21*) എന്നിവരാണ് 20 കടന്നവര്‍. സുനില്‍ നരെയ്ന്‍ (7), നായകന്‍ ഇയോന്‍ മോര്‍ഗന്‍ (15), റിങ്കു സിങ് (11), രാഹുല്‍ ത്രിപാഠി (3*) എന്നിവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. സിഎസ്‌കെയ്ക്കു വേണ്ടി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡി രണ്ടു വിക്കറ്റെടുത്തു.
ടോസ് ലഭിച്ച സിഎസ്‌കെ നായകന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുത്തു. മൂന്നു മാറ്റങ്ങളുമായാണ് സിഎസ്‌കെ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ഫാഫ് ഡുപ്ലെസി, ഇമ്രാന്‍ താഹിര്‍, മോനു കുമാര്‍ എന്നിവര്‍ക്കു പകരം ഷെയ്ന്‍ വാട്‌സന്‍, ലുംഗി എന്‍ഗിഡി, കാണ്‍ ശര്‍മ എന്നിവര്‍ കളിച്ചു. കൊല്‍ക്കത്ത ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം റിങ്കു സിങ് ടീമിലെത്തി.