കൊവിഡ് വ്യാപനം: ഐപിഎൽ പതിനാലാം സീസൺ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ നിർത്തിവെച്ചു. അനിശ്ചിത കാലത്തേക്ക് ടൂർണമെന്റ് നിർത്തിവെക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹയ്ക്കും ഡൽഹി കാപിറ്റൽസ് താരം അമിത് മിശ്രക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് തീരുമാനമുണ്ടായത്.
ഐപിഎല്ലിലെ എട്ട് ടീമുകളിൽ നാല് ടീമുകളിലെയും താരങ്ങൾക്ക് ഇതോടെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഹൈദരാബാദും-മുംബൈയും തമ്മിലുള്ള മത്സരം നടക്കേണ്ടതായിരുന്നു. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ കൊൽക്കത്ത താരം വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ, ചെന്നൈയുടെ ബൗളിംഗ് കോച്ച് ബാലാജി, ഡൽഹി സ്‌റ്റേഡിയത്തിലെ ജീവനക്കാർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന് പിന്നാലെ ആദം സാമ്പ അടക്കമുള്ള ഓസീസ് താരങ്ങൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യൻ താരം അശ്വിൻ ടൂർണമെന്റിൽ നിന്ന് പിൻമാറുകയും ചെയ്തു.