പെഷവാർ സ്ഫോടനം: ഓസീസിന്റെ പാക്ക് പര്യടനം തുലാസിൽ
റാവൽപിണ്ടി: ഭീകരാക്രമണം പാക്കിസ്ഥാനിലെ ക്രിക്കറ്റ് മത്സരങ്ങൾക്ക് ഒരിക്കൽ കൂടി ഭീഷണിയാകുന്നു. പെഷവാറിലെ ഷിയാ മോസ്കിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനം അനിശ്ചിതത്വത്തിലായേക്കും.
പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം റാവൽപിണ്ടിയിൽ പുരോഗമിക്കുന്നതിനിടെയാണ് 200 കിലോമീറ്റർ മാത്രം അകലെ പെഷവാറിൽ ചാവേർ സ്ഫോടനമുണ്ടായത്. 45 പേർ മരിച്ച സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സ്ഫോടനത്തിന് പിന്നാലെ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രാലയവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ പരമ്പര ഉപേക്ഷിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ഓസീസ് ടീം പാക്കിസ്ഥാനിൽ എത്തിയപ്പോൾ മുതൽ കനത്ത സുരക്ഷയാണ് നൽകുന്നതെങ്കിലും പുതിയ സാഹചര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനമെന്താകുമെന്ന് കണ്ടറിയണം. 24 വർഷങ്ങൾക്ക് ശേഷമാണ് ഓസീസ് ടീം പാക്ക് മണ്ണിൽ പര്യടനത്തിനെത്തിയത്. 1998-ൽ മാർക്ക് ടെയ് ലറുടെ നേതൃത്വത്തിലാണ് ഓസീസ് ടീം ഒടുവിൽ പാക്കിസ്ഥാനിൽ കളിച്ചത്.
2009-ൽ ശ്രീലങ്കൻ ടീമിനെതിരേ കറാച്ചിയിലുണ്ടായ ആക്രമണത്തിന് ശേഷം പാക്ക് മണ്ണിൽ കളിക്കാൻ രാജ്യങ്ങളെല്ലാം വിസമ്മതിച്ചിരുന്നു. പിന്നീട് സിംബാബ്വെ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക ടീമുകൾ വിരലിൽ എണ്ണാവുന്ന മത്സരങ്ങൾക്കായി പാക്കിസ്ഥാൻ എത്തിയെങ്കിലും മറ്റ് പ്രമുഖ രാജ്യങ്ങളെല്ലാം വിട്ടുനിൽക്കുകയായിരുന്നു.