പ്രഭാത വാർത്തകൾ
◼️തലമുറ മാറ്റവുമായി സിപിഎം സംസ്ഥാന സമ്മേളനത്തിനു സമാപനം. പാര്‍ട്ടിനയങ്ങളും മാറ്റുകയാണെന്ന പ്രഖ്യാപനത്തോടെയാണ് സമ്മേളനം കൊച്ചിയില്‍ സമാപിച്ചത്. ഉന്നത വിദ്യാഭ്യാസ, വ്യവസായിക മേഖലകളില്‍ സ്വകാര്യ നിക്ഷേപം വേണമെന്നു നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള നയരേഖ സമ്മേളനം അംഗീകരിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങള്‍, റോഡും കെ റെയിലും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ വേണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നയരേഖയിലുള്ളത്.
◼️ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതികള്‍ നടപ്പാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സമ്മേളന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനെതിരെ ചിലര്‍ പ്രചരണം നടത്തുന്നു. സംസ്ഥാനത്ത് യാത്രാ സൗകര്യം വര്‍ധിപ്പിക്കേണ്ടത് ഏറ്റവും പ്രധാനമായ കാര്യമാണ്. നാടിന്റെ വികസനമാണു പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
◼️സിപിഎമ്മിന്റെ പതിനേഴംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എട്ടു പുതുമുഖങ്ങള്‍. 75 വയസ് പിന്നിട്ടവരെ കമ്മിറ്റികളില്‍നിന്നു നീക്കി യുവജനനേതാക്കളെ കൊണ്ടുവന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മന്ത്രിമാരായ സജി ചെറിയാന്‍, വിഎന്‍ വാസവന്‍, മുഹമ്മദ് റിയാസ് എന്നിവരെ ഉള്‍പ്പെടുത്തി. മുന്‍ എംഎല്‍എയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം. സ്വരാജ്, എസ്.എഫ്ഐ മുന്‍ ദേശീയ അധ്യക്ഷന്‍ പി.കെ. ബിജു, ഇടുക്കിയില്‍ നിന്നുള്ള സീനിയര്‍ നേതാവ് കെ.കെ. ജയചന്ദ്രന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ എന്നിവരാണ് പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയത്. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി. രാജീവ്, കെ. രാധാകൃഷ്ണന്‍ എന്നിവരെ നേരത്തെത്തന്നെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. സെക്രട്ടറിയേറ്റില്‍ പി.കെ ശ്രീമതി മാത്രമാണ് വനിതാ പ്രാതിനിധ്യം. പി.കെ. ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതുമാണ് മാറ്റങ്ങളില്‍ ഏറെ ശ്രദ്ധേയം. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എ.എ.റഹീം, എസ്.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ വി.പി. സാനു, ചിന്ത ജെറോം എന്നീ യുവനേതാക്കള്‍ സംസ്ഥാന സമിതിയിലുണ്ട്.
◼️ഡിസിസി ഭാരവാഹി പട്ടിക തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രഖ്യാപിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ചില ജില്ലകളില്‍ ഇനിയും ചര്‍ച്ച പൂര്‍ത്തിയാക്കാനുണ്ട്. തിങ്കളാഴ്ച്ച ഇരുവരും വീണ്ടും ചര്‍ച്ച നടത്തും. എം പി മാരുടെ പരാതിയുണ്ടെന്ന പേരിലായിരുന്നു ഹൈക്കമാന്റ് പുനസംഘടന നിര്‍ത്തിവയ്പിച്ചത്.
◼️ആദ്യം എതിര്‍ക്കുകയും പിന്നീട് അധികാരത്തിലെത്തിയാല്‍ എതിര്‍ത്തത് നടപ്പാക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ നയംമാറ്റത്തെ പരാമര്‍ശിച്ചാണ് സുരേന്ദ്രന്റെ പ്രതികരണം. സിപിഎമ്മിന്റെ നയമാറ്റം കപടമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
◼️കൊച്ചി നേവല്‍ ബേസില്‍ കരാറുകാര്‍ക്കു കരാര്‍ ഒപ്പിട്ടു നല്‍കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രതികളുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 7.47 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. മിലിട്ടറി എന്‍ജിനിയറിംഗ് സര്‍വീസ് ചീഫ് എന്‍ജിനിയര്‍ രാകേഷ്‌കുമാര്‍ ഗാര്‍ഗ്, കൂട്ടാളികളായ സഞ്ജീവ് ഖന്ന, സഞ്ജീവ്കുമാര്‍ അഗര്‍വാള്‍ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.
◼️തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം ശക്തിപ്രാപിച്ചു. തമിഴ്നാട് തീരത്തേക്ക് അടുക്കാന്‍ സാധ്യത. കേരളത്തില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴയ്ക്കു സാധ്യത.
◼️ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരേ ഏഴു യുവതികള്‍ പരാതി നല്‍കി. കൊച്ചിയില്‍ പോലീസ് കമ്മീഷണറുടെ ഓഫീസിലാണു പരാതി നല്‍കിയത്. ഇതേസമയം, സാമൂഹ്യമാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ച യുവതി പരാതി നല്‍കിയിട്ടില്ല.
◼️കെഎസ്ആര്‍ടിസി വാങ്ങിയ ലക്ഷ്വറി വോള്‍വോ സ്ലീപ്പര്‍ ബസുകള്‍ ഉടനേ സര്‍വീസ് തുടങ്ങും. എട്ട് സ്ലീപ്പര്‍ ബസ്സുകളാണ് വോള്‍വോ കെഎസ്ആര്‍ടിസിക്കു കൈമാറുക. ഇതുകൂടാതെ അശോക് ലെയ്‌ലാന്റ് കമ്പനിയുടെ 20 സെമി സ്ലീപ്പര്‍ , 72 എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എസി ബസുകളും രണ്ടു മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായി കെഎസ്ആര്‍ടിസിക്കു കൈമാറും.
◼️പ്രചോദിത വനിതാ കൂട്ടായ്മയുടെ പ്രഥമ ഇന്‍സ്പിരേഷണല്‍ വുമണ്‍ അവാര്‍ഡ് സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒന്‍പതാം തീയതി കോട്ടയം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രചോദിത മാനേജിംഗ് ഡയറക്ടര്‍ ഗീതാ ബക്ഷി അറിയിച്ചു.
◼️ആലപ്പുഴയില്‍ വീട്ടില്‍നിന്നു കാണാതായ ഗൃഹനാഥനെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് കാക്കാഴം തോട്ടുവേലിയില്‍ നടേശനെ(48)യാണ് കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.
◼️കൊല്ലം ചടയമംഗലത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ ആക്രമിച്ച് മൂന്നു പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചടയമംഗലം പോരേടം സ്വദേശികളായ ഷാന്‍, മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്. പോരേടം ഒല്ലൂര്‍ കോണം സ്വദേശിനിയായ അമീറത്തു ബീവി എന്ന എണ്‍ുപതുകാരിയുടെ സ്വര്‍ണമാലയാണ് ഇവര്‍ കവര്‍ന്നത്. പകല്‍ ഓട്ടോറിക്ഷയില്‍ മീന്‍ വില്‍പ്പന നടത്തിവന്ന ഇവര്‍ അമീറത്തു ബീവി ഒറ്റയ്ക്കാണ് താമസമെന്നു മനസിലാക്കി രാത്രി മോഷണം നടത്തുകയായിരുന്നു.
◼️അടൂര്‍ നഗരസഭയിലെ വനിത ക്ലാര്‍ക്കിനെ കൗണ്‍സിലര്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതി. സിപിഎം കൗണ്‍സിലര്‍ ഷാജഹാനെതിരായ പരാതി നഗരസഭ സെക്രട്ടറി പൊലീസിനു കൈമാറി.
◼️പത്താം ക്ലാസ് പാസായവര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ തൊഴിലവസരം. 1531 ട്രേഡ്സ്മാന്‍ ഒഴിവുകളിലേക്കാണ് ഇന്ത്യന്‍ നേവി അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി മാര്‍ച്ച് 20. ഓണ്‍ലൈനായി അപേക്ഷിക്കാം. joinindiannavy.gov.in
◼️യുക്രെയിനില്‍നിന്ന് ഡല്‍ഹിയില്‍ എത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട. സുരക്ഷാ പരിശോധനയ്ക്കിടയിലാണ് വെടിയുണ്ട കണ്ടെത്തിയത്. വിദ്യാര്‍ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്തു.
◼️അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി രാജിവച്ചു. 2 ജി സ്പെക്ട്രം കല്‍ക്കരി കുംഭകോണം തുടങ്ങിയ പ്രധാന കേസുകളില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായിരുന്നു. അടുത്ത വര്‍ഷം ജൂണ്‍വരെയായിരുന്നു നിയമന കാലാവധി.
◼️യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ റഷ്യ സജ്ജമാക്കിയെന്നു റഷ്യന്‍ വാര്‍ത്താ ഏജന്‍സി. കാര്‍ഖിവ്, സുമി എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ബല്‍ഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് പദ്ധതി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അഭ്യര്‍ത്ഥനയനുസരിച്ചാണ് റഷ്യന്‍ സര്‍ക്കാര്‍ ഇത്രയും വാഹനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
◼️യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 16 വിമാനങ്ങള്‍ കൂടി സര്‍വ്വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം. ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് ഇതുവരെ ഒഴിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ എണ്ണായിരം പേരെ കൂടി ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു. കുടുങ്ങിക്കിടക്കുന്നവരെ അതിര്‍ത്തികളിലെത്തിക്കാന്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
◼️ഇന്ത്യന്‍ എംബസിയില്‍നിന്ന് സഹായം കിട്ടിയില്ലെന്ന് വെടിയേറ്റ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങ്. നിരവധി തവണ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. മരിച്ചശേഷം വിമാനം അയച്ചിട്ടു ഫലമില്ല, രക്ഷിക്കണമെന്നും ആശുപത്രിയില്‍ കഴിയുന്ന ഹര്‍ജോത് സിംഗ് പറഞ്ഞു.
◼️യുക്രൈനില്‍നിന്ന് ഇന്നലെ 238 മലയാളികളെ കേരളത്തില്‍ എത്തിച്ചു. എന്നാല്‍ കര്‍ഖീവ്, പിസോച്ചിന്‍, സുമി തുടങ്ങിയ യുക്രൈന്‍ നഗരങ്ങളില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നാണ് നോര്‍ക്കയുടെ കണക്ക്. പിസോച്ചിനില്‍ ആയിരത്തിലേറെ ഇന്ത്യക്കാരുണ്ട്. കിഴക്കന്‍ യുക്രൈനില്‍നിന്ന് പടിഞ്ഞാറന്‍ യുക്രൈനില്‍ എത്തിയവര്‍ എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ്. വിദേശകാര്യ മന്ത്രാലയം നേരത്തെ നല്‍കിയ ഫോണ്‍ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.
◼️റഷ്യക്കും യുക്രൈനുമിടയില്‍ മധ്യസ്ഥതക്കു തയാറാണെന്ന് സൗദി അറേബ്യ. ഇന്നലെ രാത്രിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും യുക്രൈയിന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇക്കാര്യം അറിയിച്ചത്.
◼️തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം ഇനി ചര്‍ച്ചയെന്ന് റഷ്യ. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷാള്‍സുമായി സംസാരിക്കവേയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ ഈ നിലപാടെടുത്തത്. യുക്രെയിന്‍ നഗരങ്ങളില്‍ റഷ്യ ബോംബാക്രമണം നടത്തിയെന്നതു വ്യാജപ്രചാരണമാണെന്നും പുടിന്‍ പറഞ്ഞു.
◼️യുദ്ധം ആരംഭിച്ചശേഷം റഷ്യ തന്നെ കൊലപ്പെടുത്താന്‍ നടത്തിയ മൂന്നു ശ്രമങ്ങളെ അതിജീവിച്ചെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി. മുന്‍ കെജിബി ഉദ്യോഗസ്ഥനായ വ്ളാദിമിര്‍ പുടിന്‍ വാടക്കൊലയാളി സംഘത്തെ അയച്ചെന്ന് നേരത്തെ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയുടെ പ്രത്യേക ഏജന്റുമാര്‍ തന്നെ വധിക്കാനായി ഉക്രൈനിലെത്തിയെന്ന് സെലെന്‍സ്‌കിയും ആരോപിച്ചിരുന്നു.
◼️റഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന് ബെലാറൂസ് പ്രസിഡന്റ് ലുക്കാഷെങ്കോ പറഞ്ഞു. അതേസമയം, റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 2000 പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍. ചര്‍ച്ചയില്‍ റഷ്യ ഉറപ്പു നല്‍കിയ മനുഷത്വ ഇടനാഴികള്‍ പ്രവര്‍ത്തിക്കുമോയെന്ന് ഇന്ന് അറിയാമെന്നും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.
◼️പെന്റഗണ്‍ റഷ്യന്‍ സേനയുമായി ഹോട്ലൈന്‍ ബന്ധം സ്ഥാപിച്ചു. യുദ്ധസാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണകളും ദുര്‍വ്യഖ്യാനങ്ങളും നാറ്റോയുമായുള്ള യുദ്ധത്തിലേക്ക് എത്താതിരിക്കാനുള്ള മുന്‍കരുതലാണ് ഹോട് ലൈന്‍ ബന്ധമെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു.
◼️പാക്കിസ്ഥാനിലെ പെഷാവറില്‍ മുസ്ലിം പള്ളിയില്‍ ബോംബ് സ്ഫോടനത്തില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖിസ ക്വനി ബസാര്‍ മേഖലയിലെ ജാമിയ മസ്ജിദില്‍ നമസ്‌കാരത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്.
◼️ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. താരത്തെ തായ്‌ലന്‍ഡിലെ ഹോ സമൂയിയിലെ വില്ലയില്‍ ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയസ്തംഭനംകാരണം മരിച്ചെന്നാണ് വിവരം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ ലെഗ് സ്പിന്നര്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ്. 15 വര്‍ഷം നീണ്ട കരിയറില്‍ 708 വിക്കറ്റുകളാണ് നേടിയത്. 145 ടെസ്റ്റുകളില്‍നിന്നാണ് നേട്ടം. 1992 മുതല്‍ 2007 വരെ ഓസ്ട്രേലിയക്കായി 194 ഏകദിനങ്ങളും ഷെയ്ന്‍ വോണ്‍ കളിച്ചിട്ടുണ്ട്.
◼️ഐഎസ്എല്ലില്‍ ഒന്നാംസ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ്‌സിയുടെ ഗോള്‍മഴ. ഒഡിഷ എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വിജയക്കുതിപ്പ് തുടരുകയാണ് ജംഷഡ്പൂര്‍. ജംഷഡ്പൂരിനായി ഡാനിയേല്‍ ചിമ ഇരട്ട ഗോള്‍ നേടി.
◼️ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. 45 റണ്‍സുമായി രവീന്ദ്ര ജഡേജയും 10 റണ്‍സെടുത്ത് രവിചന്ദ്ര അശ്വിനുമാണ് ക്രീസിലുള്ളത്. 96 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും 58 റണ്‍സ് നേടിയ ഹനുമ വിഹാരിയുടെയും കരുത്തിലാണ് ഇന്ത്യ ആദ്യ ദിനം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
◼️കേരളത്തില്‍ ഇന്നലെ 32,497 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 17,105 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 5,316 കോവിഡ് രോഗികള്‍. നിലവില്‍ 61,608 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പതിനാറ് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. നിലവില്‍ 6.12 കോടി കോവിഡ് രോഗികള്‍.
◼️2020ല്‍ മാത്രം യൂട്യൂബ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കിയത് 6800 കോടി രൂപ. 683,900 പേര്‍ പൂര്‍ണ സമയ തൊഴില്‍ ചെയ്യുന്നതിന് തുല്യമായ അവസരങ്ങളാണ് 2020ല്‍ യൂട്യൂബിലൂടെ ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓക്സഫോര്‍ഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. വിവിധ കണ്ടന്റുകള്‍, ബ്രാന്‍ഡ് പാര്‍ട്ടണര്‍ഷിപ്പുകള്‍, ലൈവ് സ്ട്രീമിംഗ് തുടങ്ങിയവ ക്രിയറ്റര്‍മാരുടെയും സംരംഭകരുടെയും അവസരങ്ങള്‍ ഒരുപോലെ ഉയര്‍ത്തി. രാജ്യത്ത് ഒരു ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സുള്ള 4000 ചാനലുകളുണ്ട്. ഇവ പ്രതിവര്‍ഷം സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണത്തില്‍ 45 ശതമാനം വളര്‍ച്ചയാണ് നേടുന്നത്.
◼️വിവിധ കാലാവധികളിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കാനറാ ബാങ്ക് ഉയര്‍ത്തി. പലിശ നിരക്കില്‍ 25 ബേസ് പോയിന്റുവരെയാണ് ബാങ്ക് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. പുതുക്കിയ നിരക്കുകള്‍ പ്രകാരം 7 മുതല്‍ 45 ദിവസംവരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനമാണ് പലിശ ലഭിക്കുക. 46-90 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 3.9 ശതമാനം ആണ്. 91 മുതല്‍ 179 ദിവസം വരെയുള്ളവയ്ക്ക് 3.95 ശതമാനം നിരക്കിലും പലിശ ലഭിക്കും. 4.40 ശതമാനം ആണ് 180 ദിവസം മുതല്‍ ഒരു വര്‍ഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്.
◼️തമിഴില്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ‘മാമന്നന്റെ’ പോസ്റ്റര്‍ പുറത്തുവിട്ട് പ്രമുഖ താരങ്ങള്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ്, വടിവേലു, ഉദയ്‌നിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. വളരെ നാളുകള്‍ക്ക് ശേഷം വടിവേലു തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടെ ഈ ചിത്രത്തിനുണ്ട്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. നിഗൂഢത നിറഞ്ഞ രീതിയിലാണ് ചിത്രത്തിന്റെ പോസ്റ്റര്‍.
◼️പ്രണയാതുരമായ ഒരു രാത്രിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘കണ്‍മണി അന്‍പോട്’ മ്യൂസിക് ആല്‍ബം പുറത്തുവിട്ടു. മേക്കപ്പ് ആര്‍ട്ടിസ്റ്റും കോസ്റ്റിയും ഡിസൈനറുമായ ഗോപിക സൂരജാണ് ആല്‍ബത്തിലെ നായിക. ദീപക് രാജ് ആണ് നായക കഥാപാത്രം. കഥയും തിരക്കഥയും ഒരുക്കി ‘കണ്‍മണി അന്‍പോട്’ സംവിധാനം ചെയ്തിരിക്കുന്നത് ദിവാകൃഷ്ണ വി ജെ യാണ്. മീശ മീനാക്ഷി, നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ, മഞ്ഞുമന്ദാരമേ എന്നീ ഹ്രസ്വ ചിത്രങ്ങള്‍ക്കുശേഷം ദിവാകൃഷ്ണ വി ജെ സംവിധാനം ചെയ്യുന്ന മ്യൂസിക് ആല്‍ബമാണ് ‘കണ്‍മണി അന്‍പോട്’. സൈന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.
◼️ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി വാഹനവില 3 ശതമാനം വര്‍ധിപ്പിച്ചു. അടുത്ത മാസം മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. നിര്‍മ്മാണച്ചെലവ് വര്‍ദ്ധിച്ചതാണ് ഈ വിലവര്‍ദ്ധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഔഡിയുടെ നിലവിലുളള വില്‍പ്പനയിലെ മോഡലുകളാണ് ഔഡി എ4, എ6, എ8. ഇതു കൂടാതെ ക്യു2, ക്യു5 അടുത്തിടെ പുറത്തിറങ്ങിയ ക്യു7, ക്യു8, എസ്5 സ്പോര്‍ട്ട് ബാക്ക്, ആര്‍എസ് 5 സ്പോര്‍ട്ട് ബാക്ക്, ആര്‍എസ് 7 സ്പോര്‍ട്ട് ബാക്ക് ആര്‍എസ് ക്യു8 സ്പോര്‍ട്ട് ബാക്ക് എന്നിവ. ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്പോര്‍ട്ട് ബാക്ക് 55, ഇ-ട്രോണ്‍ ജി ടി, ആര്‍ എസ് ഇ-ട്രോണ്‍ ജി ടി എന്നിവയാണ് ഇ-ട്രോണ്‍ ബ്രാന്‍ഡിന് കീഴിലുള്ള കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങള്‍.
◼️പ്രപഞ്ചമെന്ന അനന്തമായ അപാരത. വിസ്മയകരവും വ്യത്യസ്തവുമായ അസംഖ്യം ശക്തി മണ്ഢലങ്ങളുടെ പാരസ്പര്യത്തില്‍ അഭിരമിക്കുന്ന മഹാപ്രഹേളിക. മനുഷ്യഭാവനയ്ക്ക് എന്നും ഉദ്ദീപനം നല്‍കുന്ന സമസ്യകളുടെ സമഗ്രമായ സഞ്ചയനം. കാല്‍പ്പനികതയുടെ കൈത്തിരിയുമായി ഇരുളും വെളിച്ചവും ഇടകലര്‍ന്ന അജ്ഞാതവും നിഗൂഢവും ഭയജനകവുമായ പഥങ്ങളിലൂടെയുള്ള സഞ്ചാരമാണ് ‘അമാവസി’ വിനയന്‍ അമ്പാടി. കറന്റ് ബുക്സ് തൃശൂര്‍. വില 279 രൂപ.
◼️കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നത് പ്രധാനമാണ്. കാരണം ഇത് നിങ്ങളുടെ മൊത്തത്തിലുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും മാനസികാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള കുടല്‍ അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് ശക്തമായ പ്രതിരോധശേഷി, മെച്ചപ്പെട്ട മാനസികാവസ്ഥ, അസ്വസ്ഥതകളില്ലാത്ത ഫലപ്രദമായ ദഹനം, ആരോഗ്യമുള്ള തലച്ചോറും ഹൃദയവും എന്നിവയുണ്ടെന്നാണ്. വീക്കം, ഗ്യാസ്, വയറിളക്കം, വയറുവേദന അല്ലെങ്കില്‍ ഓക്കാനം എന്നിവയെല്ലാം കുടലില്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ നേരിട്ടുള്ള അടയാളങ്ങളാണ്. കുടലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും ഇലക്കറികളും പരിപ്പ് വര്‍ഗങ്ങളും ഉള്‍പ്പെടുത്തുക. ക്രാന്‍ബെറി, മാതളനാരങ്ങ, ബ്ലൂബെറി, പോലുള്ള നല്ല ഭക്ഷണങ്ങള്‍ കഴിക്കുക. പഞ്ചസാര, ശുദ്ധീകരിച്ച കാര്‍ബണുകള്‍ എന്നിവ കുറയ്ക്കുക. ഒമേഗ -3 പോലുള്ള കൊഴുപ്പുകളും ഒലിവ് ഓയില്‍ പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വീക്കം കുറയ്ക്കാന്‍ സഹായിക്കും. നല്ല ഉറക്കം കുടലിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ശരാശരി 7-8 മണിക്കൂര്‍ ഉറങ്ങുക. കൂടാതെ യോഗ, ധ്യാനം അല്ലെങ്കില്‍ തെറാപ്പി പോലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യങ്ങള്‍ പതിവായി പരിശീലിക്കണം. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഭക്ഷണം നന്നായി ചവച്ച് അരച്ച് കഴിക്കണം. ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിയില്‍ നിന്നും ശരീരഭാരം അമിതമായി വര്‍ധിക്കുന്നതില്‍നിന്നും സംരക്ഷണം നല്‍കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
*ശുഭദിനം*
ആ സംഗീതഞ്ജന്റെ നാട്ടില്‍ ചേരി തിരിഞ്ഞു കലാപവും ലഹളയും നടക്കുകയാണ്. ഒരു സംഗീതനിശ സംഘടിപ്പിച്ചു സംഘര്‍ഷങ്ങള്‍ക്ക് അല്പം അയവു വരുത്താം എന്നദ്ദേഹം തീരുമാനിച്ചു. പക്ഷേ പരിപാടിയുടെ രണ്ടു ദിവസം മുന്‍പ് അവര്‍ ആക്രമിക്കപ്പെട്ടു. എങ്കിലും പരിക്കുകള്‍ അവഗണിച്ചു അദ്ദേഹം സംഗീതപരിപാടി നടത്തി. തന്നെ അത്ഭുതത്തോടെ നോക്കുന്ന ആളുകളെ നോക്കി അദ്ദേഹം പറഞ്ഞു : ലോകത്തെ വികൃതമാക്കാനും നശിപ്പിക്കാനുമൊരുമ്പിട്ടിറങ്ങുന്നവര്‍ ഒരു ദിവസം പോലും വിശ്രമിക്കുന്നില്ല. പിന്നെ എങ്ങനെ എനിക്കു വിശ്രമിക്കാനാകും. ചെയ്തു പോയ തെറ്റിനെക്കാള്‍ നാശകാരണം ചെയ്യാതെ പോകുന്ന നന്മയാണ്. അധര്‍മ്മം ചെയ്യുന്നവര്‍ക്ക് അടിസ്ഥാനപരമായ ദുരുദ്ദേശം ഉണ്ട്. അതിനേക്കാള്‍ അശുഭകരവും അപകടകരവുമാണ് ധര്‍മ്മം പ്രവര്‍ത്തിക്കുന്നവരില്‍ ഒളിഞ്ഞിരിക്കുന്ന ദുരുദ്ദേശങ്ങള്‍. ഒരു നന്മ പരസ്യമായി ചെയ്യുന്നത് രഹസ്യമായി ചെയ്യുന്ന പല തിന്മകള്‍ക്കും മറ സൃഷ്ടിക്കാനാണെങ്കില്‍ ആ നന്മയുടെ ഉദ്ഭവം തന്നെ തെറ്റാണ്. മുന്‍ഗണന ക്രമത്തിന്റെ അവസാനത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ടു നിവൃത്തികേടുകൊണ്ട് ചെയ്യേണ്ടി വരുന്ന സല്‍പ്രവര്‍ത്തികള്‍ക്കു സ്ഥായിയായ സ്വഭാവമില്ല. ചെയ്യാതിരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചെയ്യുന്നതല്ല നന്മ. ചെയ്തില്ലെങ്കിലും കുഴപ്പമില്ലാത്തപ്പോഴും ചെയ്തയാള്‍ ശ്രദ്ധിക്കപ്പെടാതെ വരുമ്പോഴും നിര്‍ബന്ധ ബുദ്ധിയോടെ ചെയ്യുന്ന കര്‍മങ്ങള്‍ ആണ് നന്മ. നമുക്കും നന്മകള്‍ ചെയ്യാം. നേട്ടങ്ങള്‍ നോക്കാതെ –