നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും; തോൽക്കാതിരുന്നാൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താം
അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ജോ റൂട്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ഇംഗ്ലണ്ട് നിരയിലുള്ളത്. ബ്രോഡും ആർച്ചറിനും പകരം ലോറൻസും ബെസ്സും ടീമിലെത്തി
അതേസമയം ഇന്ത്യൻ ടീമിലും ഒരു മാറ്റമുണ്ട്. വിശ്രമം അനുവദിച്ച ബുമ്രക്ക് പകരം സിറാജ് ടീമിലെത്തി. മൂന്ന് സ്പിന്നർമാരെയാണ് ഇന്ത്യ ഇന്നും കളിപ്പിക്കുന്നത്. അശ്വിൻ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ബൗളിംഗിന്റെ കുന്തമുനയാകും. സിറാജ്, ഇഷാന്ത് ശർമ എന്നിവരാണ് പേസർമാർ
പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന ടെസ്റ്റ് സമനിലയെങ്കിലും ആക്കിയാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അതോടൊപ്പം തന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് കയറാനും ഇന്ത്യക്ക് സാധിക്കും. ഇന്ത്യ പരാജയപ്പെടുകയാണെങ്കിൽ ഓസ്‌ട്രേലിയ ഫൈനലിൽ കയറും. ഇതിനാൽ തന്നെ നിർണായക പോരാട്ടത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.