Thursday, January 9, 2025
Sports

നൂറ്റാണ്ടില്‍ ആദ്യം; കാമറൂണിനെതിരായ തോല്‍വി ബ്രസീലിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്

ഇന്നലെ നടന്ന അവസാന മത്സരത്തില്‍ കാമറൂണിനെതിരെയുള്ള തോല്‍വി ബ്രസീലിന് സമ്മാനിച്ചത് നൂറ്റാണ്ടിലെ നാണക്കേട്. 1998ലെ ലോകകപ്പില്‍ നോര്‍വെയോടാണ് ബ്രസീല്‍ അവസാനമായി ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിഞ്ഞത്. എന്നാൽ ഇന്നലത്തെ തോൽവി ഈ നൂറ്റാണ്ടില്‍ ഇതാദ്യമായാണ് ബ്രസീല്‍ ഒരു ലോകകപ്പില്‍ ഗ്രൂപ്പ് മത്സരം തോല്‍ക്കുന്നത്.

ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീല്‍ തുടങ്ങിയത്. പിന്നാലെ സ്വിറ്റ്സർലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് മഞ്ഞപ്പട ആധിപത്യം തുടർന്നു. എന്നാല്‍ കാമറൂണിനെതിരെ ബ്രസീലിന്‍റെ റെക്കോര്‍ഡ് മോഹം പൊളിഞ്ഞു. ഇന്നലെ കാമറൂണിനെതിരെ ജയിച്ചിരുന്നെങ്കില്‍ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത സമ്പൂര്‍ണ ജയമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ബ്രസീലിനും പോര്‍ച്ചുഗലിനും അവസരമുണ്ടായിരുന്നു.

എന്നാല്‍ പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയോടും ബ്രസീല്‍ കാമറൂണിനോടും തോറ്റതോടെ ഇരു ടീമുകള്‍ക്കും റെക്കോര്‍ഡ് നഷ്ടമായി. 2006ലാണ് ബ്രസീലും പോര്‍ച്ചുഗലും ഗ്രൂപ്പ് ഘട്ടത്തിൽ അവസാനമായി എല്ലാ കളിയും ജയിച്ചത്.മത്സരത്തില്‍ കിട്ടിയ നിരവധി സുവര്‍ണാവസരങ്ങള്‍ ബ്രസീലിന്‍റെ പകരക്കാര്‍ പുറത്തേക്ക് അടിച്ചു കളയുന്നത് അമ്പരപ്പോടെയാണ് ആരാധകര്‍ കണ്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഒരു ആഫ്രിക്കന്‍ ടീമിന് മുന്നില്‍ ബ്രസീല്‍ അടിയറവ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *