മകളെ ബലാത്സംഗം ചെയ്യും; കോഹ്‌ലിക്കും കുടുംബത്തിനും നേരെയുള്ള സൈബര്‍ ആക്രമണം: ഡല്‍ഹി പൊലീസിന് വനിത കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും മകള്‍ക്കും കുടുംബത്തിനും നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമീഷന്‍. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനോട് തോറ്റതിന് പിന്നാലെ പേസര്‍ മുഹമ്മദ് ഷമിക്ക് നേരെ വന്‍ രീതിയില്‍ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഷമിയെ അനുകൂലിച്ച് കോഹ്‌ലി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ കോഹ്‌ലിക്കും കുടുംബത്തിനും അധിക്ഷേപം നേരിടേണ്ടി വന്നത്.
കോഹ്‌ലി ഷമിയെ അനുകൂലിച്ചതിന് ശേഷം ഇന്ത്യ ന്യൂസിലന്‍ഡിനെതിരെയും തോറ്റിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളിലെ രോഷപ്രകടനം അതിരു കടന്ന് കോഹ്‌ലി-അനുഷ്‌ക ശര്‍മ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള മകള്‍ വാമികയെ ബലാത്സംഗം ചെയ്യുമെന്ന തരത്തില്‍ ഭീഷണിയും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ട്വീറ്റുകള്‍ ഇപ്പോള്‍ നിര്‍ജീവമാണ്.
സംഭവം അതീവ ഗുരുതരമാണെന്നും ഉടനടി ശ്രദ്ധ നല്‍കേണ്ടതാണെന്നും വനിതാ കമീഷന്‍ അഭിപ്രായപ്പെട്ടു. സംഭവം ലജ്ജാകരമാണെന്നും പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍, തിരിച്ചറിയപ്പെട്ടവരുടെയും അറസ്റ്റ് ചെയ്ത കുറ്റവാളികളുടെയും വിവരങ്ങള്‍, സ്വീകരിച്ച നടപടികള്‍ എന്നിവ നവംബര്‍ എട്ടിന് മുമ്പ് കമീഷനെ അറിയിക്കണമെന്നാണ് ഡല്‍ഹി പൊലീസിന് നല്‍കിയ നോട്ടീസിലെ പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങള്‍.