മഴ കളിച്ചു; കൊൽക്കത്തയെ 7 റൺസിനു തോല്പിച്ച് പഞ്ചാബ്
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിനു ജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 7 റൺസിനാണ് പഞ്ചാബിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 192 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 16 ഓവറിൽ 7 വിക്കട് നഷ്ടപ്പെടുത്തി 146 റൺസ് എടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. 19 പന്തിൽ 35 റൺസെടുത്ത ആന്ദ്രേ റസലാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. പഞ്ചാബിനായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവച്ച പഞ്ചാബ് തകർപ്പൻ ബൗളിംഗാണ് കാഴ്ചവച്ചത്. രണ്ടാം ഓവറിൽ തന്നെ മൻദീപ് സിംഗ് (2), അനുകുൾ റോയ് (4) എന്നിവരെ അർഷ്ദീപ് സിംഗ് പുറത്താക്കിയപ്പോൾ തന്നെ കൊൽക്കത്ത ബാക്ക്ഫൂട്ടിലായി. റഹ്‌മാനുള്ള ഗുർബാസ് (22) ചില മികച്ച ഷോട്ടുകളുതിർത്തെങ്കിലും നതാൻ എല്ലിസിനു മുന്നിൽ വീണു.
ഇംപാക്ട് പ്ലയറായി എത്തിയ വെങ്കടേഷ് അയ്യരും നിതീഷ് റാണയും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 46 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ റാണ (17 പന്തിൽ 24) സിക്കന്ദർ റാസയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. റിങ്കു സിംഗ് (4) രാഹുൽ ചഹാറിനു മുന്നിൽ വീണതോടെ കൊൽക്കത്ത വീണ്ടും തകർന്നു. 5 വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിൽ നിന്ന് ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 19 പന്തിൽ 35 റൺസ് വീഴ്ത്തിയ റസലിനെ സാം കറനും 28 പന്തിൽ 34 റൺസെടുത്ത അയ്യറിനെ അർഷ്ദീപും മടക്കി. തുടർന്ന് ശാർദുൽ താക്കൂർ (3 പന്തിൽ 8), സുനിൽ നരേൻ (2 പന്തിൽ 7) എന്നിവർ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മഴ പെയ്യുകയായിരുന്നു.