മൊഹാലിയിൽ ഇന്ത്യൻ തേരോട്ടം: ലങ്കയെ തകർത്തത് ഇന്നിംഗ്‌സിനും 222 റൺസിനും
മൊഹാലി ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്നിംഗ്‌സിനും 222 റൺസിനുമാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ ശ്രീലങ്കയെ നിലംപരിശാക്കി ഇന്ത്യ വൻ വിജയം കണ്ടെത്തുകയായിരുന്നു. രണ്ടാമിന്നിംഗ്‌സിൽ ലങ്ക 178 റൺസിന് എല്ലാവരും പുറത്തായി. ഒന്നാമിന്നിംഗ്‌സിൽ 174 റൺസാണ് ലങ്ക എടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 574 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു
രവീന്ദ്ര ജഡേജയുടെ ഓൾ റൗണ്ട് പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ബാറ്റിംഗിൽ 175 റൺസുമായി പുറത്താകാതെ നിന്ന ജഡേജ രണ്ടിന്നിംഗ്‌സിലുമായി ശ്രീലങ്കയുടെ ഒമ്പത് വിക്കറ്റുകൾ പിഴുതു. ഒന്നാമിന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടവും രണ്ടാമിന്നിംഗ്‌സിൽ നാല് വിക്കറ്റുമാണ് അദ്ദേഹം സ്വന്തമാക്കിയത്
ഒന്നാമിന്നിംഗ്‌സിൽ ലങ്ക 174ന് പുറത്തായതോടെ ഇന്ത്യക്ക് 400 റൺസിന്റെ കൂറ്റൻ ലീഡുണ്ടായിരുന്നു. ഫോളോ ഓൺ ചെയ്ത ലങ്ക രണ്ടാമതും ബാറ്റിംഗ് തുടരാൻ നിർബന്ധിതരായി. കേവലം 60 ഓവറിൽ 178 റൺസ് വരെ പിടിച്ചുനിൽക്കാനെ അവർക്ക് സാധിച്ചുള്ളു. ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിനും നാല് വിക്കറ്റെടുത്തു. ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.
മൂന്നാം ദിനമായ ഇന്ന് ലങ്കയുടെ രണ്ടിന്നിംഗ്‌സിലുമായി പതിനാറ് വിക്കറ്റുകളാണ് ഇന്ത്യൻ ബൗളർമാർ പിഴുതത്. 51 റൺസെടുത്ത ഡിക്ക് വെല്ലയാണ് ലങ്കയുടെ ടോപ് സ്‌കോറർ. ധനഞ്ജയ 30 റൺസും ഏഞ്ചലോ മാത്യൂസ് 28, ദിമുത് കരുണരത്‌ന 27, ചരിത് അസലങ്ക 20 റൺസുമെടുത്തു.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത്. ജഡേജ 228 പന്തിൽ 17 ഫോറും മൂന്ന് സിക്‌സും സഹിതം 175 റൺസുമായി പുറത്താകാതെ നിന്നു. റിഷഭ് പന്ത് 96 റൺസും ഹനുമ വിഹാരി 58 റൺസും അശ്വിൻ 61 റൺസുമെടുത്തു.