Tuesday, January 7, 2025
Saudi Arabia

തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍ നടത്തി പിടിയിലായ മലയാളികളടക്കമുള്ള 285 പ്രവാസികള്‍ കൂടി മോചിതരായി

റിയാദ്: തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായി ദമ്മാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരില്‍ 285 പേര്‍ കൂടി മോചിതരായി നാട്ടിലേക്ക് മടങ്ങി. ദമ്മാം വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്കാണ് ഇവര്‍ മടങ്ങിയത്.

ഇതില്‍ എട്ട് മലയാളികള്‍, 20 തെലങ്കാന, ആന്ധ്ര സ്വദേശികള്‍, 18 ബിഹാറികള്‍, 13 ജമ്മുകാശ്മീര്‍ സ്വദേശികള്‍, 12 രാജസ്ഥാനികള്‍, 36 തമിഴ്‌നാട്ടുകാര്‍, 88 ഉത്തര്‍പ്രദേശുകാര്‍, 60 പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴില്‍ നിയമലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ബുധന്‍, വെള്ളി ദിവസങ്ങളിലായി റിയാദില്‍ നിന്ന് 580 ഇന്ത്യന്‍ തടവുകാര്‍ നാട്ടിലെത്തിയിരുന്നു. ഇതിലും ദമ്മാമില്‍ പിടിയിലായവര്‍ ഉണ്ടായിരുന്നു.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍, യൂസുഫ് കാക്കഞ്ചേരി, അബ്ദുല്‍ സമദ്, തുഷാര്‍ എന്നിവരാണ് നാട്ടിലേക്ക് ഇവരെ അയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. കൊവിഡ് ആരംഭിച്ച ശേഷം എട്ട് മാസത്തിനിടെ സൗദിയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യന്‍ തടവുകാരുടെ എണ്ണം ഇതോടെ 4608 ആയി.

Leave a Reply

Your email address will not be published. Required fields are marked *