പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; നാട്ടിലുള്ളവര്‍ക്ക് ഈ മാസം 15 മുതല്‍ സൗദിയിലേക്ക് മടങ്ങി വരാന്‍ അനുമതി
റിയാദ്: സൗദിയില്‍നിന്നും റീ എന്‍ട്രി വിസയില്‍ നാട്ടിലെത്തുകയും കൊവിഡ് പ്രതിസന്ധിയില്‍ സൗദിയിലേക്ക് നിശ്ചിത തിയതിക്കകം തിരികെ വരാന്‍ സാധിക്കാതിരിക്കുകയും ചെയ്ത വിദേശികള്‍ക്കും വിദേശികളുടെ കീഴില്‍ ആശ്രിതരായി കഴിയുന്നവര്‍ക്കും തിരികെ വരാനുള്ള അവസരമൊരുങ്ങി. സെപ്തംബര്‍ 15 ന് രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
നിലവില്‍ വിസയും റീഎന്‍ട്രി വിസയും സാധുവായുള്ളവര്‍ക്കുമാത്രമാണ് തിരികെ സൗദിയില്‍ പ്രവേശിക്കാനാവുക. റീ എന്‍ട്രിയില്‍ സൗദിയില്‍നിന്നും നാട്ടിലേക്ക് പോയവര്‍ക്കും അതോടൊപ്പം തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും ചൊവ്വാഴ്ച മുതല്‍ സൗദിയിലേക്ക് മടങ്ങിയെത്താനാകും.
48 മണിക്കൂറിന് മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് കൊവിഡ് ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ലോക്ഡൗണിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസമാകുന്നതാണ് സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.
അതിര്‍ത്തികളും ഭാഗികമായി തുറക്കും. ഏതൊക്കെ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്നത് ഉടന്‍ പ്രഖ്യാപിക്കും. സൗദിയുടെ മുഴുവന്‍ അതിര്‍ത്തികളും ജനുവരി മുതല്‍ മാത്രമേ പൂര്‍ണമായും തുറക്കും. ഉംറ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിദേശികള്‍ക്കും സ്വദേശികള്‍ക്കും സന്ദര്‍ശന വിസയിലടക്കം ജനുവരി മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍, സൈനികര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാകും മുന്‍ഗണന.