2022ൽ കശ്മീരിൽ ഉണ്ടായ 93 ഏറ്റുമുട്ടലുകളിൽ 172 ഭീകരർ കൊല്ലപ്പെട്ടു
ഈ വർഷം ഇതുവരെ സുരക്ഷാ സേനയുമായുള്ള 93 ഏറ്റുമുട്ടലുകളിൽ 42 വിദേശികൾ ഉൾപ്പെടെ 172 ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പൊലീസ്. 2022-ൽ നടന്ന ഭീകരാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലും 14 പൊലീസ് (ജെകെപി) ഉദ്യോഗസ്ഥർ ഉൾപ്പെടെ 26 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായി കശ്മീരിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ ട്വിറ്ററിൽ കുറിച്ചു.
2022ൽ ലഷ്‌കർ/ടിആർഎഫ് സംഘടനയിൽ നിന്ന് 108 തീവ്രവാദികൾ കൊലപ്പെട്ടപ്പോൾ ജെയ്‌ഷിൽ നിന്ന് 35, എച്ച്‌എമ്മിൽ നിന്ന് 22, അൽ-ബദറിൽ നിന്ന് 4, എജിയുഎച്ച് നിന്ന് 3 ഭീകരരേയും സൈന്യം വധിച്ചു. കൂടാതെ യുവാക്കളെ തീവ്രവാദികളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ ഇടിവുണ്ടായിട്ടുണ്ട്. പുതിയ റിക്രൂട്ട്‌മെന്റുകൾ വഴി 100 പേർ തീവ്രവാദ ശ്രേണിയിൽ ചേർന്നു. ഇത് മുൻവർഷത്തേക്കാൾ 37 ശതമാനം കുറവാണ്.
പുതുതായി റിക്രൂട്ട് ചെയ്തവരിൽ 65 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, 17 പേർ അറസ്റ്റിലായി, 18 പേർ ഇപ്പോഴും സജീവമാണ്. താഴ്‌വരയിൽ 29 സാധാരണക്കാരെ ഭീകരർ വധിച്ചതായി അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട 29 സിവിലിയൻമാരിൽ മൂന്ന് കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പെടെ ആറ് ഹിന്ദുക്കളും തദ്ദേശവാസികളായ 15 മുസ്ലീങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് പേരും ഉൾപ്പെടുന്നതായി വിജയ് കുമാർ അറിയിച്ചു. കൂടാതെ വൻ ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
21 എകെ റൈഫിളുകൾ, 8 എം4 കാർബൈനുകൾ, 231 പിസ്റ്റളുകൾ എന്നിവ കണ്ടെടുത്തതായി എഡിജിപി പറഞ്ഞു. ഐഇഡി, ബോംബ്, ഗ്രനേഡ് എന്നിവയും പിടിച്ചെടുത്തു.