അഗാധവും ഹൃദയംഗമവുമായ അനുശോചനം, ഒപ്പം പ്രാർത്ഥനകളും; ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ യുഎസ് പ്രസിഡന്റ്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. 99ാമത്ത വയസ്സിലാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ അന്തരിച്ചത്. വെള്ളിയാഴ്ച അഹമ്മദാബാദിലെ ആശുപത്രിയിൽ വെച്ചായിരുന്നു ഹീരാ ബെന്നിന്റെ അന്ത്യനിമിഷങ്ങൾ. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ ഞങ്ങൾ അഗാധവും ഹൃദയംഗമവുമായ അനുശോചനം അറിയിക്കുന്നു. ഈ സങ്കടകരമായ അവസരത്തിൽ പ്രധാമന്ത്രിയുടെ കുടുംബത്തിനൊപ്പം ഞങ്ങളുടെ പ്രാർത്ഥനകൾ.’ പ്രസിഡന്റ് ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിയോഗ വിവരമറിഞ്ഞ് പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണിൽ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയിരുന്നു.
പ്രധാനമന്ത്രി പദം വരെയെത്തിയ നരേന്ദ്രമോദിയുടെ വളര്‍ച്ചക്ക് എന്നും ഊര്‍ജ്ജമായിരുന്നു അമ്മ ഹീരാബെന്‍. വട് നഗറിലെ ചെറിയ വീട്ടില്‍ നിന്ന് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതി വരെയെത്തിയ യാത്രയില്‍ അമ്മയേയും മോദി ചേര്‍ത്ത് പിടിച്ചിരുന്നു. അമ്മയുമായുള്ള തൻറെ ആത്മബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി പലതവണ വാചാലനായി. അമ്മയുടെ നൂറാം പിറന്നാൾ ദിവസം അവർ അതിജീവിച്ച പ്രയാസങ്ങളെകുറിച്ച് പ്രധാനമന്ത്രി തൻറെ ബ്ലോഗിൽ എഴുതി. അസാധാരണ വ്യക്തിത്വത്തിനുടമയായ തൻറെ അമ്മ വളരെ ലളിതമായി ജീവിച്ചു പോന്ന സ്ത്രീയാണെന്ന് പ്രധാനമന്ത്രി അന്ന് കുറിച്ചു