‘തെരഞ്ഞെടുപ്പ് മുതൽ ഏക സിവിൽകോഡ് വരെ പല ചർച്ചകളും കേൾക്കുന്നു; സർക്കാരിൻ്റെ ഉള്ളിലിരിപ്പ് മനസിലാകുന്നില്ല’
ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രവർത്തകരാണ് ശക്തി. പാർട്ടി എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും ഭംഗിയായി നിർവഹിക്കുമെന്നും ശശി തരൂർ പറഞ്ഞു. സർക്കാർ വേണമെങ്കിലും ചെയ്യട്ടെ. പ്രതിപക്ഷം സജ്ജമായിരിക്കും. തെരഞ്ഞെടുപ്പ് മുതൽ ഏക സിവിൽകോഡ് വരെ പല ചർച്ചകളും ഉണ്ട്. സർക്കാരിൻ്റെ ഉള്ളിലിരിപ്പ് മനസിലാകുന്നില്ലെന്നും പ്രത്യേക പാർലമെൻ്റ് സമ്മേളനത്തെ കുറിച്ച് തരൂർ പ്രതികരിച്ചു.
കേന്ദ്ര സർക്കാർ വിളിച്ചു ചേർക്കുന്ന പാർലമെൻറിന്റെ പ്രത്യേക സമ്മേള്ളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാൻ നീക്കമെന്ന് സൂചന. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തിൽ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നത്. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. സമ്മേള്ളനം ഫലപ്രദമായ ചർച്ചകൾക്കായാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കിയില്ല.