ഏക സിവിൽ കോഡ് സാധ്യതകൾ പാർലമെന്റ് സമിതി ഇന്ന് ചർച്ച ചെയ്യും
ഏക സിവിൽ കോഡ് സാധ്യതകൾ പാർലമെന്റ് സമിതി ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നിയമ കമ്മീഷൻ,കേന്ദ്ര നിയമ മന്ത്രാലയം പ്രതിനിധികളെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രതിനിധികളായ വിവേക് തൻഖ,മാണിക്കം ടാഗോർ അടക്കം 4 കോൺഗ്രസ് അംഗങ്ങൾ നിയമ കാര്യ പാർലമെന്‍ററി സമിതിയിലുണ്ട്.ഇവർ സ്വീകരിക്കുന്ന നിലപാടും ഏറെ നിർണായകമാണ്. ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദിയാണ് സമിതി അധ്യക്ഷൻ.
അതേസമയം സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. കരട് പുറത്തിറങ്ങുകയോ, ചർച്ചകൾ നടത്തുകയോ ചെയ്താൽ അപ്പോൾ പരിശോധിച്ച് നിലപാടറിയിക്കാമെന്നാണ് ജയറാം രമേശ് പറഞ്ഞത്. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ സമ്മർദമുള്ളപ്പോൾ തന്നെ തൽക്കാലം നിലപാട് പ്രഖ്യാപിക്കേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ഏകീകൃത സിവിൽകോഡ് വേണോ, വേണ്ടയോ എന്ന് കൃത്യമായി നേതൃത്വം പറയുന്നില്ല. ചർച്ച ചെയ്തു ഉചിതമായ തീരുമാനം എടുക്കുമെന്നാണ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
എൻ.ഡി.എ ഘടകകക്ഷികൾ തന്നെ ഏകീകൃത സിവിൽകോഡിനെതിരെ രംഗത്തുവന്നത് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി. എൻ.ഡി.എ ഘടകകക്ഷികളായ എൻ.ഡി.പി.പിയും എൻ.പി.പിയും ബില്ലിനെതിരെ രംഗത്തുവന്നതിന് പിന്നാലെ മറ്റുകക്ഷികൾ കൂടി പ്രതിഷേധം അറിയിക്കുമെന്നാണ് സൂചന.