കേരളത്തില്‍ 18-നും 60-നും ഇടയ്ക്കുള്ളവരിലെ കൊവിഡ് മരണനിരക്ക് കൂടുന്നു; ആശങ്ക
തിരുവനന്തപുരം: കേരളത്തില്‍ 18-നും 60-നും ഇടയില്‍ പ്രായമുള്ളവരില്‍ കൊവിഡ് ബാധയും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നു. കൊവിഡ് ബാധിതരാകുന്ന ഇവരില്‍ പലരും കൃത്യസമയത്ത് ചികിത്സ എടുക്കാത്തതും അവരിലെ ജീവിതശൈലീ രോഗങ്ങളുമാണ് മരണനിരക്ക് കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 18 വയസ്സ് മുതലുള്ളവര്‍ക്ക് വാക്സീന്‍ നല്‍കി രോഗ തീവ്രത കുറയ്ക്കാനുള്ള നടപടികള്‍ വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
17 വയസ്സ് വരെയുള്ള കുട്ടികളില്‍ കൊവിഡ് ബാധ 12 പേരുടെ ജീവന്‍ കവര്‍ന്നു. 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവരിലെ കൊവിഡ് ബാധിച്ചുള്ള മരണം 170 ആയി. 41 വയസ് മുതല്‍ 59 വയസ്സ് വരെയുള്ളവരില്‍ 976 പേരും മരണത്തിന് കീഴടങ്ങി.
കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാല്‍ സമൂഹവുമായി ഏറ്റവും കൂടുതല്‍ അടുത്തിടപെഴകുന്നത് 18 വയസ്ല് മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരാണ്. ഇതുതന്നെയാണ് ഇവരിലെ രോഗ ബാധയ്ക്ക് കാരണവും. എന്നാല്‍ രോഗം ബാധിച്ചാല്‍ ഇവരില്‍ പലരും അത് കാര്യമാക്കുന്നില്ല. നിസ്സാരമെന്ന് കരുതി ചികില്‍സ എടുക്കാനും വൈമുഖ്യം. ഇത് രോഗ ബാധ തീവ്രമാകാന്‍ കാരണമാകുന്നുണ്ട്. ജീവിതശൈലി രോഗങ്ങളില്ലാത്തവരില്‍ പോലും ഈ ഘട്ടത്തില്‍ ഹൃദ്രോഗമടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു. ഇതോടെ ഈ പ്രായത്തിലുള്ളവരിലെ മരണവും കൂടുന്നു.
സംസ്ഥാനത്തിതുവരെ സ്ഥിരീകരിച്ച 4836 മരണങ്ങളില്‍ 96.98 ശതമാനം പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. മരണം ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്. തൊട്ടുപിന്നില്‍ കോഴിക്കോടും തൃശ്ശൂരും. രോഗ നിരക്കിന് ആനുപാതികമായ മരണങ്ങളും തിരുവനന്തരപുരം ജില്ലയിലാണ് കൂടുതല്‍. 0.8 ശതമാനം.
ഇത് നിയന്ത്രിക്കാന്‍ അടിയന്തരമായി യുവാക്കള്‍ക്കിടയിലും വാക്സീന്‍ എത്തിക്കാനുള്ള നടപടികള്‍ ഉടനടി എടുത്തേ തീരൂവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി ഇന്ന് വിളിച്ച ഉന്നതതലയോഗത്തില്‍ വാക്സിനേഷന്‍ കൂട്ടാനുള്ള നടപടിക്രമങ്ങളില്‍ തീരുമാനമുണ്ടായേക്കും. ഈ മാസം 19 മുതല്‍ കൂടുതല്‍ മാസ് വാക്സീന്‍ വിതരണകേന്ദ്രങ്ങള്‍ സജ്ജമാക്കും. വാക്സീന്‍ വിതരണം ത്വരിതഗതിയിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക. വാക്സിനേഷന്‍ വഴി ആര്‍ജിതപ്രതിരോധശേഷി പരമാവധി പേരില്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളില്‍ കൂടുതല്‍ വാക്സീന്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ.